ജഗതി മരിച്ചെന്ന വ്യാജപ്രചാരണം: ബന്ധുക്കള്‍ പരാതി നല്‍കി

തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരേ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. മകന്‍ രാജ്കുമാറാണ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിന് പരാതി നല്‍കിയത്.
ആരോഗ്യത്തോടെയിരിക്കുന്ന ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയത് തങ്ങളെ മാനസികമായി വേദനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പരാതി സൈബര്‍ സെല്ലിനും കൈമാറി. കഴിഞ്ഞിദിവസം വൈകീട്ടാണ് ഒരു സ്വകാര്യ വാര്‍ത്താചാനലിന്റെ പേരില്‍ ജഗതിയുടെ മരണവാര്‍ത്ത പ്രചരിച്ചത്. 'മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ (64) ഹൃദയാഘാതംമൂലം മരണപ്പെട്ടു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്. ഭാര്യാസഹോദരന്റെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.' എന്നായിരുന്നു പ്രചാരണം. വാര്‍ത്തയില്‍ ജഗതിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും ഇനി ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടാവരുതെന്നതുകൊണ്ട് വിഷയം ഗൗരവമായിതന്നെ കൈകാര്യം ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം. വ്യാജ പോസ്റ്റ് നിരവധിയാളുകള്‍ പ്രചരിപ്പിച്ചുവെന്നതിനാല്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ പ്രതിയെ കണ്ടെത്താനാവൂ എന്നാണ് സൈബര്‍ സെല്ലിന്റെ നിഗമനം. ചലച്ചിത്ര താരങ്ങളായ മാമുക്കോയയും സലിംകുമാറും മരിച്ചെന്ന നിലയില്‍ മുമ്പും സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചാരണം നടന്നിരുന്നു. അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്.
Next Story

RELATED STORIES

Share it