ഛോട്ടാ രാജന്‍ 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജനെ വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഇന്തോനീസ്യയിലെ ബാലിയില്‍ പിടിയിലായ രാജനെ വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഇന്ത്യയില്‍ എത്തിച്ചത്.
2003ല്‍ സിംബാബ്‌വെയിലെ ഹരാരെയിലേക്കു കടക്കുന്നതിനായി മോഹന്‍കുമാര്‍ എന്ന പേരില്‍ രാജന്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞമാസം 31നായിരുന്നു സിബിഐ രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍, പാസ്‌പോര്‍ട്ട് നിയമലംഘനം എന്നിവ പ്രകാരമാണ് കേസ്. രാജനെതിരായ രണ്ടാമത്തെ വ്യാജ പാസ്‌പോര്‍ട്ട് കേസാണ് ഇത്. 2000ല്‍ വിജയ് കദം എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി രാജന്‍ തായ്‌ലാന്‍ഡിലെ ബാങ്കോക്കിലേക്ക് രക്ഷപ്പെട്ടിരുന്നു. 2000ല്‍ ബാങ്കോക്കില്‍ സിബിഐ സംഘം എത്തിയെങ്കിലും രാജന്‍ രക്ഷപ്പെടുകയായിരുന്നു. മോഹന്‍ കുമാര്‍ എന്ന പേരിലുള്ള പാസ്‌പോര്‍ട്ടുമായാണ് രാജന്‍ ആസ്‌ത്രേലിയയിലേക്കു രക്ഷപ്പെട്ടതെന്ന് സിബിഎ വക്താവ് അറിയിച്ചു. ഈ വ്യാജപാസ്‌പോര്‍ട്ടില്‍ മോഹന്‍ കുമാറിന്റെ പിതാവിന്റെ പേരായി ഛോട്ടാ രാജന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജനെതിരേ കൂടുതല്‍ കേസുകള്‍ നിലവിലുള്ളത് മഹാരാഷ്ട്രയിലാണെങ്കിലും ഈ കേസുകളെല്ലാം മഹാരാഷ്ട്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. അധോലോക തലവന്‍ ദാവൂദ് ഇബ്രാഹീമിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ രാജനില്‍ നിന്നു ലഭിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it