ഛോട്ടാ രാജന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി/ ജക്കാര്‍ത്ത: അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്തോനീസ്യയില്‍ നിന്ന് അറസ്റ്റു ചെയ്തതായി പോലിസ് അറിയിച്ചു. അറസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഉല്ലാസയാത്രയ്ക്കായി ഒരു ദ്വീപില്‍ പോകുന്നതിനായി ഞായറാഴ്ച ബാലിയിലെത്തിയപ്പോഴാണ് രാജേന്ദ്ര സദാശിവ് നികാല്‍ജെ എന്ന ഛോട്ടാ രാജനെ ഇന്തോനീസ്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. സിഡ്‌നിയില്‍ നിന്ന് രാജന്‍ മാലിയില്‍ എത്തിയതായി ആസ്‌ത്രേലിയന്‍ പോലിസ് ഇന്തോനീസ്യന്‍ അധികൃതര്‍ക്ക് വിവരം നല്‍കിയിരുന്നു.
ഇയാളെ അറസ്റ്റ് ചെയ്യാനായി സിബിഐ ഇന്തോനീസ്യന്‍ പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്തോനീസ്യ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ അധികൃതര്‍ക്ക് നന്ദി പറയുന്നതായി സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹ പറഞ്ഞു. മോഹന്‍കുമാര്‍ എന്ന പേരിലും ഛോട്ടാ രാജന്‍ അറിയപ്പെട്ടിരുന്നു.
1995 മുതല്‍ ഇയാള്‍ ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയില്‍ 20ഓളം കൊലപാതകങ്ങളില്‍ പ്രതിയായ രാജനെ ആസ്‌ത്രേലിയന്‍ അധികൃതരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ബാലി പോലിസ് വക്താവ് ഹെറി വിയാന്‍തോ പറഞ്ഞു.
വ്യാജ പേരില്‍ കഴിഞ്ഞ മാസം മുതല്‍ രാജന്‍ ആസ്‌ത്രേലിയയില്‍ താമസിച്ചുവരുകയായിരുന്നുവെന്ന് ഫെഡറല്‍ പോലിസ് അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയിരുന്നതായും ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലിസ് വക്താവ് അറിയിച്ചു. മുംബൈ സ്വദേശിയായ രാജനെതിരേ കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍ എന്നിവയടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it