ഛെത്രി ഗോളില്‍ ഇന്ത്യന്‍ മന്ദഹാസം

തിരുവനന്തപുരം: ടൂര്‍ണമെന്റില്‍ ആദ്യമായി തിങ്ങിനറഞ്ഞ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കാണികളെ ഇന്ത്യ നിരാശരാക്കിയില്ല. 2013ല്‍ നീപ്പാളില്‍ വച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നേറ്റ തിരിച്ചടിക്ക് ഇന്ത്യ മധുര പ്രതികാരം വീട്ടി. ഒപ്പം സാഫ് കപ്പ് ഏഴാം തവണയും നീല കടുവകള്‍ നെഞ്ചോട് ചേര്‍ത്തു.
നിലവിലെ ചാംപ്യന്‍മാരായ അഫ്ഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കപ്പുയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് അധികസമയത്തേക്ക് കളി നീണ്ടു. അധികസമയത്തെ 101ാം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛെത്രിയാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. ഗോള്‍മടക്കാന്‍ അവസാനനിമിഷം വരെ അഫ്ഗാന്‍ പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ആയിരക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ ആര്‍പ്പുവിളിയുടെ പിന്‍ബലത്തില്‍ ആതിഥേയര്‍ ഇന്നലെ കളം നിറഞ്ഞു കളിച്ചു. അതോടെ ഏഴാം തവണയും സാഫ് കപ്പ് ഇന്ത്യയുടെ ഷെല്‍ഫിലെത്തി.
അപ്രതീക്ഷിത നീക്കത്തിലൂടെ 71ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്തയും മിഡ്ഫീല്‍ഡര്‍ സുബൈര്‍ അമീറിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അമീറി ഉതിര്‍ത്ത ഷോട്ടിന് പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ ഗോളി ഗുര്‍പ്രീതിനായില്ല. ബോള്‍ നേരെ ഇന്ത്യന്‍ വലയിലേക്ക്. അര്‍ത്തിരമ്പിയിരുന്ന ഗാലറി നിശബ്ദമായി. എന്നാല്‍ കാണികളുടെ ദുഖത്തിന് ഒരു മിനിറ്റിനുള്ളില്‍ ഇന്ത്യ മറുപടി നല്‍കി. ഇടത് വിങ്ങില്‍ നിന്നും നേ്രസ ഉയര്‍ത്തിയിട്ട പാസ് ഛേത്രി ഹെഡ് ചെയ്തു. ബോക്‌സിനുള്ളില്‍ നിന്ന് പന്ത് സ്വീകരിച്ച ജെജെ ലാല്‍പെഖ്‌ലുവ അഫ്ഗാന്‍ ഗോളിയെ നിസഹായനാക്കി വലയിലേക്ക് ചിപ് ചെയതിട്ടു.
പിന്നീടങ്ങോട്ട് ഇന്ത്യയുടെ കടന്നാക്രമണമായിരുന്നു. അഫ്ഗാന്‍ പ്രതിരോധം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു. എന്നാല്‍ ഒവയ്‌സ് അസീസി എന്ന ഗോളി ഇന്ത്യക്കു മുന്നില്‍ പ്രതിരോധം തീര്‍ത്തു ഗോളെന്നുറച്ച അരഡസനോളം ഷോട്ടുകള്‍ അസീസി തട്ടിയകറ്റി. അവസാന മിനിറ്റുകളിലും ഇന്ത്യ ആക്രമിച്ചു തന്നെ കളിച്ചു. മൂന്നു മിനിറ്റ് ഇഞ്ചുറി ടൈമിലും ഗോള്‍ പിറക്കാത്തതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്കു നീണ്ടു.
എക്‌സ്ട്രാ ടൈമിലും ഒട്ടും മൂര്‍ച്ച കുറയാതെ ഇന്ത്യ ആക്രമണം തുടര്‍ന്നു. ഛെത്രിയും ജെജെയും നസ്രേയും അഫ്ഗാന്‍ ഗോള്‍ മുഖത്തേക്ക് തുടരെത്തുടരെ ആക്രമിച്ചു കയറി. 101ാംമിനിറ്റില്‍ വിജയഗോള്‍ പിറന്നു. സെന്റര്‍ ലൈനില്‍ ജെജെയെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീകിക്ക്. ജെജെ എടുത്ത ഫ്രീകിക്ക് ബോക്‌സിനുള്ളില്‍ ഛെത്രി സ്വീകരിച്ചു. ശക്തമായി പ്രതിരോധിച്ച അഫ്ഗാന്‍ താരങ്ങള്‍ക്കെതിരെ കരുത്തുകാട്ടിയ ഛെത്രി തട്ടിയിട്ട ബോള്‍ വലയിലേക്ക് ഉരുണ്ടുകയറുമ്പോള്‍ അതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ഒവയ്‌സ് അസീസി നിസഹായനായി നോക്കി നിന്നു.
സെന്‍ട്രല്‍ ലൈനില്‍ അഫ്ഗാന്‍ താരം ജെജെയെ ഫൗള്‍ ചെയ്തു. റഫറി നല്‍കിയ ഫ്രീ കിക്കെടുത്തത് ജെജെ തന്നെ. ബോക്‌സിനുള്ളില്‍ ലഭിച്ച ഹൈ ബോള്‍ അഫ്ഗാന്‍ ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഛേത്രി വലയിലേക്കുതിര്‍ത്തു. ലീഡ് നേടിയതോടെ ഇന്ത്യ മുന്നേറ്റം ശക്തമാക്കി. അഫ്ഗാന്‍ താരങ്ങളുടെ പ്രതിരോധം തകര്‍ത്ത് വീണ്ടും ആക്രമങ്ങളുണ്ടായി.
ഇതോടെ കളി പരുക്കനായി. ഇന്ത്യന്‍ ബോക്‌സിനുള്ളില്‍ നിലത്തു വീണ നാരായണ്‍ ദാസ് ഫൈസല്‍ഷെയ്തയുടെ ഷോട്ട് തടുത്തിട്ടു. ഇതിന് ഫൗല്‍ വിളിക്കാത്തതില്‍ ആക്രോശിച്ച് ഗ്രൗണ്ടിലിറങ്ങിയ അഫ്ഗാന്‍ കോച്ച് പീറ്റര്‍ സെഗ്രറ്റിനോട് മാച്ച് റഫറി കിമുറാ ഹിറോയുക്കി ഗ്രൗണ്ടില്‍ നിന്ന് പുറത്തുപോകാനാവശ്യപ്പെട്ടു. കളിയുടെ അവസാന നിമിഷം വരെ അഫ്ഗാന്‍ താരങ്ങള്‍ പൊരുതി.
ഫൈനല്‍ വിസിലുയരും വരെ ഇന്ത്യന്‍ താരങ്ങളും പൊരുതി. ഒടുവില്‍ ആര്‍പ്പുവിളികള്‍ക്കും വിജയാരവങ്ങള്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ഇന്ത്യന്‍താരങ്ങള്‍ ഗാലറിയെ വലംവച്ചു. സാഫ് കപ്പിന്റെ 11ാമത് എഡിഷനായിരുന്നു ഇത്. നീലക്കടവുകള്‍ക്ക് അകമഴിഞ്ഞ പിന്തുണയാണ് കേരളം നല്‍കിയത്.
Next Story

RELATED STORIES

Share it