ഛായാഗ്രാഹകന്‍  ആനന്ദക്കുട്ടന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍(62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 11ഓടെയായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് രവിപുരം ശ്മശാനത്തില്‍ നടക്കും. നാലു പതിറ്റാണ്ടായി മലയാള സിനിമയില്‍ സജീവമായിരുന്ന ആനന്ദക്കുട്ടന്‍ തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ ഉള്‍പ്പെടെ 300ഓളം സിനിമകളില്‍ ഛായാഗ്രാഹകനായിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ അധ്യാപക ദമ്പതിമാരായ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി 1954ല്‍ ആയിരുന്നു ജനനം. ചങ്ങനാശ്ശേരി എന്‍എസ്എസ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പൂര്‍ത്തിയാക്കി. 1977ല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ്സില്‍ ഒരു മയില്‍ എന്ന ചലച്ചിത്രത്തിനാണ് ആദ്യമായി കാമറ ചലിപ്പിച്ചത്. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം, അനിയത്തിപ്രാവ്, നമ്പര്‍ 20 മദ്രാസ് മെയില്‍, അഥര്‍വം, ആകാശദൂത്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, കാബുളിവാല തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അഭ്രപാളിയിലേക്ക് പകര്‍ത്തി.
ഒരുപിടി ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് നല്‍കിയതിനൊപ്പം ഒരു വര്‍ഷം ഏറ്റവുമധികം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. 2000ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ലഭിച്ചു. ഭാര്യ: ഗീത. മക്കള്‍: ശ്രീകുമാര്‍, നീലിമ, കാര്‍ത്തിക.
Next Story

RELATED STORIES

Share it