ഛത്തീസ്ഗഡ് രാഷ്ട്രീയ ചിത്രം മാറ്റാന്‍അജിത് ജോഗിയുടെ പാര്‍ട്ടി വരുന്നു

റായ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ അജിത് ജോഗി രൂപംകൊടുക്കാനിരിക്കുന്ന പുതിയ പാര്‍ട്ടി ഛത്തീസ്ഗഡിലെ നിലവിലെ രാഷ്ട്രീയ സമവാക്യത്തെ മാറ്റിമറിച്ചേക്കും. സംസ്ഥാനത്ത് ജോഗിയുടെ സാന്നിധ്യം വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മുന്‍മുഖ്യമന്ത്രിയായ അജിത് ജോഗി അധികാരത്തില്‍ നിന്നു പുറത്തായിട്ടു കാലമേറെയായെങ്കിലും അദ്ദേഹത്തിനു സംസ്ഥാനത്ത് ഇപ്പോഴും മികച്ച സ്വാധീനമുണ്ട്. ജോഗിയെ മറികടക്കാന്‍ ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷത്തെ കോണ്‍ഗ്രസ്സിനും അവരുടെ നയങ്ങള്‍ മാറ്റേണ്ടി വരും. രമണ്‍സിങ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയാത്തതുകൊണ്ടാണു താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ബന്ധിതനാവുന്നതെന്നാണു ജോഗി പറയുന്നത്. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്നും സംസ്ഥാനത്തെ അഴിമതിമുക്തമാക്കണമെന്നാണു തന്റെ അനുയായികളും അഭ്യുദയകാംക്ഷികളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ഉപരി ഭരണവിരുദ്ധ വികാരവും അജിത് ജോഗിയുടെ മൂന്നാം കക്ഷിയെയുമായിരിക്കും ബിജെപിക്ക് നേരിടേണ്ടിവരിക. സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം വരുന്ന സത്‌നാമി പട്ടികവര്‍ഗ സമുദായങ്ങള്‍ക്കിടയിലും ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും ജോഗിക്കു കാര്യമായ സ്വാധീനമുണ്ട്. ഇതു ബിജെപിയെയും കോണ്‍ഗ്രസ്സിനെയും അസ്വസ്ഥമാക്കുന്ന ഘടകമാണ്. ഈ വിഭാഗങ്ങളെ പൂര്‍ണമായും ജോഗിക്കു തന്റെ പക്ഷത്തു കേന്ദ്രീകരിക്കാനായാല്‍ ഇപ്പോള്‍ 10 സംവരണ സീറ്റുകളില്‍ ഒമ്പതെണ്ണത്തെയും പ്രതിനിധീകരിക്കുന്ന ബിജെപിക്കായിരിക്കും കനത്ത നഷ്ടം നേരിടേണ്ടിവരിക. എന്നാല്‍ ഇരുകക്ഷികളിലെയും നേതാക്കള്‍ ജോഗിയെ ഒരു ഭീഷണിയായി കരുതുന്നില്ല. കോണ്‍ഗ്രസ് വിട്ട ജോഗി രൂപീകരിക്കുന്ന പാര്‍ട്ടി പ്രതിപക്ഷത്തിനാണു ഭീഷണിയെന്നും തങ്ങള്‍ക്കു ഗുണകരമാവുമെന്നുമാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ധരംലാല്‍ കൗശിക് പറഞ്ഞത്. ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സിനെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോഗിക്കെതിരായ വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചതെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it