ഛത്തീസ്ഗഡില്‍ ഭരണകൂട ഭീകരത: സാമൂഹികപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ബിജെപി ഭരണത്തിലുള്ള ഛത്തീസ്ഗഡിലെ ബസ്തറില്‍ നടക്കുന്നത് ഭരണകൂട ഭീകരതയെന്ന് അഭിഭാഷകയടക്കമുള്ള സാമൂഹികപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകനും. നക്‌സല്‍ ഭീഷണി നേരിടാനെന്ന പേരില്‍ പ്രദേശത്തെ ആദിവാസികള്‍ക്കു നേരെ വ്യത്യസ്ത തരം പീഡനങ്ങളും ചൂഷണങ്ങളും അരങ്ങേറുകയാണെന്ന് അവര്‍ പറഞ്ഞു.
ഭരണകൂട ഭീകരതയുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനത്തെ ബസ്തര്‍ മേഖലയിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണെന്ന് ഡല്‍ഹിയില്‍ വിഷയവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അവര്‍ വിശദീകരിച്ചു.
ബസ്തറില്‍ പോലിസ് അറസ്റ്റ് ചെയ്യുന്നവരില്‍ ബഹു ഭൂരിഭാഗവും നിരപരാധികളാണെന്ന് തങ്ങളുടെ നിയമസഹായ പ്രവര്‍ത്തനത്തില്‍ വ്യക്തമായതായി ബസ്തറില്‍ പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തക കൂടിയായ അഭിഭാഷക ഇഷ കണ്ടല്‍വാല്‍ പറഞ്ഞു.
പൊതു ഗതാഗത സൗകര്യങ്ങളില്ലാത്തത് വലിയ ഭൂപ്രദേശമായ ബസ്തറിലെ സന്നദ്ധ പ്രവര്‍ത്തനത്തിന് മറ്റൊരു ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ഇഷ, പോലിസിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ഭരണകൂട പിന്തുണയുള്ള ജാഗ്രതാ ഗ്രൂപ്പുകളുടെയും ഭാഗത്തു നിന്നുണ്ടായ പ്രശ്‌നങ്ങളും വിവരിച്ചു. ബസ്തറില്‍ പോലിസ് കടുത്ത അതിക്രമമാണ് കാണിക്കുന്നതെന്നും തങ്ങളുടെ നിയമവിരുദ്ധ നടപടികള്‍ ചോദ്യം ചെയ്യപ്പെടില്ലെന്ന ഉറപ്പ് പോലിസിന് ഉണ്ടെന്നും ഇഷ പറഞ്ഞു. മേഖലയില്‍ നീതിന്യായ സംവിധാനവും പരാജയമാണെന്ന് പറഞ്ഞ ഇഷ, വര്‍ഷങ്ങള്‍ ജാമ്യം പോലും കിട്ടാതെ ജയിലില്‍ കഴിഞ്ഞ നിരവധി പേര്‍ക്ക് വേണ്ടി തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചു.മേഖലയിലെ ആദിവാസികള്‍ക്ക് 2013 മുതല്‍ നിയമസഹായം നല്‍കിവരുകയും എന്നാല്‍, ഏതാനും നാളുകള്‍ക്ക് മുമ്പ് ഭീഷണി മൂലം പ്രദേശത്തു നിന്നു പലായനം ചെയ്യേണ്ടിവരുകയും ചെയ്ത ജഗ്ദല്‍പൂര്‍ നിയമസഹായ ഗ്രൂപ്പ് എന്ന സന്നദ്ധസംഘടനയിലെ അഭിഭാഷകയാണ് ഇഷ.
ബസ്തര്‍ ഇന്ന് ഒരു തികഞ്ഞ പോലിസ് സ്‌റ്റേറ്റാണെന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ബസ്തറില്‍ ഛത്തീസ്ഗഡ് പോലിസ് തീര്‍ത്തും ജനവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിന് ഒരു മാറ്റം വരണമെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തക ബെല ഭാട്ടിയ പറഞ്ഞു. വന്‍ മനുഷ്യാവകാശ ലംഘനമാണ് അവിടുത്തെ ആദിവാസികള്‍ക്കു മേല്‍ നടക്കുന്നതെന്ന് പറഞ്ഞ ഭാട്ടിയ, ദണ്ഡെവാഡയിലും മറ്റും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി പശ്ചാത്തല വികസനം ഉണ്ടായെങ്കിലും ആദിവാസികള്‍ ചൂഷണം ചെയ്യപ്പെടുന്നതിന് ഒരു കുറവുമില്ലെന്നു പറഞ്ഞു.
ബസ്തറിലെ മാധ്യമപ്രവര്‍ത്തകനും ഭൂംകാല്‍ സമാചാര്‍ പത്രാധിപരുമായ കമല്‍ ശുക്ല മേഖലയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികള്‍ അവതരിപ്പിച്ചു. ആംനസ്റ്റിയുടെ ഇന്ത്യ ചാപ്റ്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആകാര്‍ പട്ടേലും പരിപാടിയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it