ഛത്തീസ്ഗഡില്‍ 'ഏറ്റുമുട്ടല്‍' കൊല ജുഡീഷ്യല്‍ അന്വേഷണം വേണം: എഎപി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ഈ മാസം ദലിത് സ്ത്രീ മദ്കം ഹിദ്‌മെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഹിദ്‌മെ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലില്‍ ആയിരുന്നില്ലെന്നും മാനഭംഗപ്പെടുത്തിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് സോണി സോറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആം ആദ്മി നേതൃത്വത്തിന്റെ ആരോപണം. അന്വേഷണ സംഘത്തില്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഹരജിയില്‍ പറയുന്നുണ്ട്. സുക്മയില്‍ വച്ച് ഈ മാസം 13നാണ് ഹിദ്‌മെ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലിസ് വാദം. ഓരോ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഗൊംപാദ് ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ഭരണകൂടം തങ്ങളെ അനുവദിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്നാണ് ഇതു കാണിക്കുന്നതെന്നും സോറിയുടെ നേതൃത്വത്തിലുള്ള ആം ആദ്മി സംഘം ആരോപിച്ചു. ഹിദ്‌മെ മാവോവാദിയായിരുന്നില്ലെന്നും വീടിന് സമീപത്ത് നിന്നു പിടികൂടിയ അവരെ പിന്നീട് മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നുവെന്നാണു സംഘത്തിന്റെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് താന്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും സോണി പറഞ്ഞു.
ഹിദ്‌മെയുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സംഭവവുമായി ബന്ധപ്പെട്ട പോലിസിന്റെ വാദത്തെക്കുറിച്ച് സംശയങ്ങളുയര്‍ത്തുന്നുവെന്ന് പരാതിക്കാരനായ ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സങ്കേത് ഥാക്കൂര്‍ ഹരജിയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം വേണം. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ഥാക്കൂര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it