Flash News

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ : രണ്ട് വനിതാ മാവോവാദികള്‍ കൊല്ലപ്പെട്ടു



റായ്പൂര്‍/സസാരം: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് വനിതാ മാവോവാദികള്‍ മരിച്ചു. ഹസ്‌നാര്‍ ഗ്രാമത്തിനടുത്ത് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോവാദികള്‍ തമ്പടിച്ച പ്രദേശം പോലിസ് സംഘം വളഞ്ഞപ്പോള്‍ അവര്‍ വെടിവയ്പ് തുടങ്ങി. ഇതെ തുടര്‍ന്ന് പോലിസ് തിരിച്ചടിച്ചു. ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മാവോവാദികള്‍ രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തിരച്ചിലിലാണ് രണ്ട് വനിതാ മാവോവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് നാരായണ്‍പൂര്‍ പോലിസ് സൂപ്രണ്ട് സന്തോഷ് സിങ് അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് തോക്കുകള്‍, സ്‌ഫോടക വസ്തുക്കള്‍, മാവോവാദി യൂനിഫോമുകള്‍ എന്നിവ കണ്ടെടുത്തു.ഈമാസം 18ന് രാജ്‌നന്ദ്ഗാവ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകളടക്കം മൂന്ന് മാവോവാദികള്‍ മരിച്ചിരുന്നു. 19ന് കാതൂര്‍ ജില്ലയില്‍ മാവോവാദി ഡെപ്യൂട്ടി കമാന്‍ഡറും കൊല്ലപ്പെട്ടു.അതിനിടെ പോലിസ് തലയ്ക്ക് മൂന്നുലക്ഷം വിലയിട്ട മാവോവാദി ഡെപ്യൂട്ടി കമാന്‍ഡര്‍ സ്‌ഫോടക വസ്തുക്കളോടെ ബിജാപൂര്‍ ജില്ലയില്‍ അറസ്റ്റിലായി. രാകേഷ് സോധി (20) യാണ് അറസ്റ്റിലായത്. രണ്ട് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലിസ് സോധിയെ അന്വേഷിച്ചുവരികയായിരുന്നു.അതെസമയം, ബിഹാറിലെ റോഹ്താസ് ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങിനെ 15 വര്‍ഷം മുമ്പ് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു മാവോവാദികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നിരാല യാദവ്, രാംബച്ചന്‍ യാദവ്, നിതീഷ് യാദവ്, സുധാമ ഉറോണ്‍, ലലന്‍സിങ് ഖര്‍വാര്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് ജില്ലാ സെഷന്‍സ് ജഡ്ജി പ്രഭുനാഥ് സിങ് കണ്ടെത്തിയത്. ജൂലൈ അഞ്ചിന് കോടതി ശിക്ഷ വിധിക്കും.
Next Story

RELATED STORIES

Share it