ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: വ്യാജസിദ്ധന്‍ അറസ്റ്റില്‍

വളപട്ടണം(കണ്ണൂര്‍): ചോരക്കുഞ്ഞിനെ റോഡരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍. നാലുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം ഉപേക്ഷിച്ച സംഭവത്തിലാണു പുറത്തീല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന വലിയന്നൂര്‍ പുറത്തീല്‍ പള്ളിക്കു സമീപം കുന്നത്ത് കുരുണ്ടത്ത് ലത്തീഫി(46)നെ വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 13ന് വൈകീട്ട് 6.30ഓടെയാണു കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്. തുടര്‍ന്നു വളപട്ടണം പോലിസെത്തി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനായി ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണു വ്യാജസിദ്ധന്‍ പിടിയിലായത്. കുഞ്ഞ് ഇപ്പോഴും ജില്ലാ ആശുപത്രിയില്‍ കഴിയുകയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 11ന് കക്കാട് സ്വദേശിനിയായ യുവതിയാണു കുഞ്ഞിനു ജന്‍മംനല്‍കിയത്. പ്രസവം കഴിഞ്ഞ് 13ന് രാവിലെ യുവതി ആശുപത്രി വിട്ടു. കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പ്പിക്കാനാണെന്നു പറഞ്ഞ് കൊണ്ടുപോയ ലത്തീഫ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചെന്നാണു പോലിസിനു ലഭിച്ച വിവരം.
കുഞ്ഞിന്റെ പിതാവ് ലത്തീഫ് തന്നെയാണെന്നാണ് പോലിസ് പറയുന്നത്. പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. നാട്ടിലെത്തിയ ഭര്‍ത്താവ് അവിഹിതബന്ധത്തിലുള്ള കുട്ടിയെ സ്വീകരിക്കില്ലെന്നു പറഞ്ഞതോടെ സിദ്ധനെ ബന്ധപ്പെടുകയും കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ചു യുവതി പ്രസവം കഴിഞ്ഞ് ആശുപത്രിയില്‍ നിന്നു മടങ്ങുമ്പോള്‍ സിദ്ധന്‍ മറ്റൊരാളോടൊപ്പം കാറിലെത്തി യുവതിയെയും ഭര്‍ത്താവിനെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുപോയി. കണ്ണൂര്‍ സ്‌റ്റേഡിയത്തിനു സമീപം യുവതിയെയും ഭര്‍ത്താവിനെയും കാറില്‍ നിന്ന് ഇറക്കിവിട്ടു. കുഞ്ഞിനെ ബന്ധുവീട്ടിലും അനാഥാലയത്തിലും ഏല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് അഴീക്കലില്‍ ഉപേക്ഷിച്ചത്.
കുറ്റിക്കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെ എതിര്‍ത്ത സിദ്ധന്റെ സഹായി കാറില്‍ നിന്നിറങ്ങിപ്പോയതായും പോലിസ് പറയുന്നു. അനാഥാലയത്തില്‍ ഏല്‍പ്പിക്കുമെന്നു സിദ്ധന്‍ പറഞ്ഞതിനാലാണു കുഞ്ഞിനെ കൈമാറിയതെന്നാണു യുവതി മൊഴിനല്‍കിയിട്ടുള്ളത്. വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് സിദ്ധനെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it