kozhikode local

ചോമ്പാല്‍ ഹാര്‍ബര്‍: മല്‍സ്യവില്‍പന പ്രശ്‌നം ഒത്തുതീര്‍പ്പായി

വടകര: ചോമ്പാല്‍ ഹാര്‍ബറിലെ മല്‍സ്യവില്‍പനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ചോമ്പാല എസ്‌ഐ കെ പ്രജീഷിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
ഈ വര്‍ഷത്തെ മാര്‍ക്കറ്റിലെ മല്‍സ്യവില്‍പ്പന ലേലം വിളിച്ചെടുത്ത പി വി ബിജു നിലവിലുള്ള അഞ്ച് തൊഴിലാളികള്‍ക്ക് പുറമെ കൂടുതല്‍ തൊഴിലാളികളെ കൊണ്ടു വരുമെന്ന ആവശ്യം മുന്നില്‍ വെച്ചതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. പുതുതായി ആളുകളെ കൊണ്ടുവരുന്നതിനെതിരെ നിലവിലുള്ള തൊഴിലാളികള്‍ എതിര്‍ക്കുകയാണ് ചെയതത്.
തുടര്‍ന്ന് ഇവിടെ മല്‍സ്യവില്‍പന പോലും നടന്നിട്ടില്ല. ഇതിനെതിരെ ഐഎന്‍ടിയുസി ചോമ്പാല പോലീസിലും, അഴിയൂര്‍ ഗ്രാമപഞ്ചായത്തിലും പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐ പ്രജീഷ് യോഗം വിളിച്ചു കൂട്ടിയത്. നിലവിലുള്ള തൊഴിലാളികള്‍ക്ക് പുറമെ ഒരാളെ കൂടി പുതുതായി ചേര്‍ക്കാന്‍ തീരുമാനിച്ചതോടൊപ്പം പുതുയായി എടുത്ത ആളിന് ഈ വര്‍ഷം ലേലത്തിന്റെ കാലാവധി കഴിയുന്നത് വരെ കച്ചവടം ചെയ്യാമെന്നും തീരുമാനിച്ചു. കൂടാതെ ദിവസം 35 രൂപ പ്രകാരം തൊഴിലാളികള്‍ ഫീസായി നല്‍കണം.
മാര്‍ക്കറ്റിലെ ലൈറ്റ്, ക്ലീനിങ് എന്നിവയ്ക്ക് വരുന്ന ചിലവുകള്‍ ആറ് തൊഴിലാളികളും ചേര്‍ന്ന് നല്‍കണം. കൂടാതെ ആറില്‍ കൂടുതല്‍ ആളുകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്നും ചര്‍ച്ചയില്‍ തീരുമാനമായി.
ചര്‍ച്ചയില്‍ മടപ്പള്ളി മോഹനന്‍, കെ.പി രവീന്ദ്രന്‍, വേണു എന്നിവരോടൊപ്പം തൊഴിലാളികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it