kannur local

ചോമ്പാല്‍ പോലിസ് സ്‌റ്റേഷന്‍ കെട്ടിടം ചുവപ്പുനാടയില്‍



മാഹി: ചുവപ്പ്‌നാടയില്‍ കുടുങ്ങി ചോമ്പാല്‍ പോലിസ് സ്‌റ്റേഷന്‍ കെട്ടിട നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. കെട്ടിടം പണിയാന്‍ 50 ലക്ഷം രൂപ ആഭ്യന്തര വകുപ്പ് അനുവദിച്ചെങ്കിലും ഇതിനായി സര്‍ക്കാര്‍ ഭരണാനുമതി നല്‍കാത്തതാണു തിരിച്ചടിയാവുന്നത്. ഇതോടെ കെട്ടിടം പണി അനിശ്ചിതമായി നീളുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ അനുമതിക്കായി കാത്തുകിടക്കുകയാണ് അഭ്യന്തര വകുപ്പ്. നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് അഴിയൂര്‍ ഗ്രാമപ്പഞ്ചായത്ത് സൗജന്യമായി 13 സെന്റ് സ്ഥലം സ്‌റ്റേഷന്‍ പണിയാന്‍ വിട്ടുകൊടുത്തിരുന്നു. 2009 മുതല്‍ അഴിയൂര്‍ പഞ്ചായത്തില്‍ കുഞ്ഞിപ്പള്ളി ടൗണിലെ കൃഷിഭവന്‍ കെട്ടിടത്തിനു മുകളിലാണ്  ചോമ്പാല്‍ പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മുറിയിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കാനുള്ള സൗകര്യമോ ഡ്രസിങ് റൂമോ പ്രതികളെ കസ്റ്റഡിയില്‍ വയ്ക്കാനുള്ള സൗകര്യമോ ഇവിടെയില്ല. മാഹി, മുക്കാളി, നാദാപുരം റോഡ്, മാഹി റെയില്‍വേ സ്‌റ്റേഷന്‍, ദേശീയപാത, കടലോരം, നിരവധി ഓഫിസുകളും, മടപ്പള്ളി കോളജും ഒക്കെയുള്ള വിശാലമായ പ്രദേശം ഉള്‍പ്പെട്ടതാണ് ചോമ്പാല്‍ സ്‌റ്റേഷന്‍ പരിധി. സ്‌റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് നിന്നുതിരിയാന്‍പോലും സ്ഥലമില്ല. അസൗകര്യങ്ങളെ തുടര്‍ന്നാണ് പുതിയ കെട്ടിടം പണിയാനുള്ള നടപടിക്ക് തുടക്കമായത്. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ വൈകിയത് വ്യാപക പ്രതിഷേധം ഉയരുകയാണ്.
Next Story

RELATED STORIES

Share it