kozhikode local

ചോമ്പാല്‍ ടോള്‍ വര്‍ധന നേരിയതോതില്‍ മാത്രം

വടകര: ചോമ്പാല്‍ ഹാര്‍ബറിലെ ടോള്‍ പിരിവ് അന്യായമായി വര്‍ദ്ധിപ്പിച്ചതിനെതിരെ സമരസമിതി നടത്തിയ പ്രതിഷേധ സമരം ഫലം കണ്ടു. സമര സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് 100 ശതമാനം മുതല്‍ 300 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ച ടോള്‍ നിരക്ക് നേരിയ തോതില്‍ മാത്രം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി.
ഒക്ടോബര്‍ 1 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിലാക്കാന്‍ ടോള്‍ കരാറുകാര്‍ തീരുമാനിച്ചത്. ബൈക്കിന് നേരത്തയുണ്ടായിരുന്നു 5 രൂപയില്‍ നിന്നും 25 രൂപയായും, ഓട്ടോ റിക്ഷക്ക് 20 രൂപയില്‍ നിന്നും 40 രൂപയും, ഓട്ടോ ഗുഡ്്‌സിന് 40 രൂപയില്‍ നിന്ന് 60 രൂപയും, പിക് അപ്പിന് 70തില്‍ നിന്ന് 100 രൂപയുമാണ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന് സമരസമിതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നത്.
ഒക്ടോബര്‍ 6ന് മുമ്പ് ടോള്‍ നിരക്ക് വര്‍ദ്ധനവില്‍ കുറവ് വരുത്തിയില്ലെങ്കില്‍ പഴയ നിരക്ക് മാത്രമേ നല്‍കുകയുള്ളുവെന്നും സമരസമിതി തീരുമാനിച്ചു. ഹാര്‍ബര്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബൈക്ക് 5 ല്‍ നിന്ന് 10 രുപയാക്കാനും, ഓട്ടോ 20ല്‍ നിന്ന് 30 രൂപയും, ഗുഡ്‌സ് ഓട്ടോ 40ല്‍ നിന്ന് 50 രൂപയും, പിക്കപ്പ് 70ല്‍ നിന്ന് 90 രൂപയാക്കാനുമായി തീരുമാനിച്ചു.
വര്‍ദ്ധിപ്പിച്ച തുകയില്‍ ഇളവ് ചെയ്ത സാഹചര്യത്തില്‍ തൊഴിലാളികള്‍ ഹാര്‍ബറില്‍ സമരത്തില്‍ സഹകരിച്ചവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് ആഹ്ലാദ പ്രകടനം നടത്തി. സമരത്തില്‍ സഹകരിച്ച എല്ലാ വര്‍ക്കും സമരസമിതി നന്ദിയര്‍പ്പിച്ചു. ഷംസീര്‍ ചോമ്പാല, രാജേഷ് കുഞ്ഞിപ്പള്ളി, മുകുന്ദന്‍ ഒഞ്ചിയം, ലത്തീഫ് പള്ളിത്താഴ, മജീദ് സി ചോമ്പാല, വിഎം അഷ്‌റഫ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it