Idukki local

ചോദ്യോത്തരശരങ്ങളുമായി കുട്ടികളുടെ പാര്‍ലമെന്റ് ശ്രദ്ധേയമായി

ചെറുതോണി: മരിയാപുരം സെന്റ് മേരീസ് ഹൈസ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് ശ്രദ്ധേയമായി. സ്‌കൂളിലെ പാര്‍ലമെന്റ് നടപടികളുടെ ചോദ്യോത്തര വേളയില്‍ ഊര്‍ജ സംരക്ഷണ പദ്ധതികളെക്കുറിച്ച് ചോദ്യമുന്നയിച്ച പ്രതിപക്ഷത്തെ നിധീഷ്‌കുമാര്‍ കടുത്ത ആരോപണമുന്നയിച്ചപ്പോള്‍ ഭരണപക്ഷത്തുനിന്നും ശക്തമായ എതിര്‍പ്പുകളാണ് ഉയര്‍ന്നത്.
പ്രതിപക്ഷാംഗങ്ങള്‍ നിതീഷിന് പിന്തുണയുമായി എഴുന്നേറ്റതോടെ പാര്‍ലമെന്റ് കൈയ്യാങ്കളിയുടെ വക്കിലെത്തുമെന്ന് കരുതിയെങ്കിലും സ്പീക്കറായ അന്‍സിയയുടെ സമയോചിതമായ ഇടപെടലുകള്‍ അംഗങ്ങളെ ശാന്തരാക്കി. സ്‌കൂള്‍ പാര്‍ലമെന്റില്‍ ഊര്‍ജോല്‍പ്പാദന വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു.
തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചപ്പോള്‍ ഭരണപക്ഷത്തിന് മറുപടി ഇല്ലായിരുന്നു. തുടര്‍ന്ന് ഭക്ഷണ സ്വാതന്ത്ര്യത്തെ പറ്റിയുള്ള വിഷയാവതരണ ചര്‍ച്ചയില്‍ രാജ്യത്ത് ഇഷ്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലേറ്റുമുട്ടി. പ്രശ്‌നത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രി പി വി അജയ്‌യുടെ മറുപടിയാണ് പാര്‍ലമെന്റ് അംഗങ്ങളെ ശാന്തരാക്കിയത്.
കുട്ടികളുടെ പ്രസിഡന്റ് സുബിന്‍ തോമസ്, പ്രതിപക്ഷ നേതാവ് ആല്‍ബിന്‍ റോഷി, സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു കരോട്ട്‌കൊച്ചെറയ്ക്കല്‍, പ്രിന്‍സിപ്പല്‍ പി.ബി എത്സി, അദ്ധ്യാപകരായ ജിജോ അഗസ്റ്റിന്‍, എബി എബ്രാഹം, സിസ്റ്റര്‍ അമല്‍ മരിയ, കെ.എസ്. ഗ്രേസിക്കുട്ടി എന്നിവര്‍ സ്‌കൂള്‍ പാര്‍ലമെന്റ് നടപടികള്‍ക്ക് സാക്ഷികളായി.
Next Story

RELATED STORIES

Share it