ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ടു അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: എസ്എസ്എല്‍സി ഐടി പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.
മാതമംഗലം ഹൈസ്‌കൂളിലെ പ്രധാനാധ്യാപകന്‍ ജയദേവന്‍, പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഐടി അധ്യാപകന്‍ രാജേഷ് എന്നിവരെയാണ് അന്വേഷണവിധേയമായി ഡിപിഐ എംഎസ് ജയ സസ്‌പെന്‍ഡ് ചെയ്തത്. തളിപ്പറമ്പ്, കണ്ണൂര്‍ ഡിഇഒമാരുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
16ന് ആരംഭിച്ച എസ്എസ്എല്‍സി ഐടി പ്രാക്റ്റിക്കല്‍ പൊതുപരീക്ഷ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നടന്നുകൊണ്ടിരിക്കെയാണ് മൂന്നുദിവസം മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതുസംബന്ധിച്ച് സ്‌കൂളിലെത്തി നടത്തിയ അന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ ദിവസം ഡിപിഐക്കും പരീക്ഷാഭവനും കൈമാറിയിരുന്നു. ഐടി പൊതുപരീക്ഷയുടെ സോഫ്റ്റ്‌വെയറിന്റെ പാസ്‌വേഡ് ഉപയോഗിച്ച് സെറ്റുകളായി തിരിച്ച ഒമ്പത് ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. മാതമംഗലം സ്‌കൂളില്‍ ഐടി പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപകന്‍ രാജേഷ് അത് ചോര്‍ത്തി സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു കൈമാറിയെന്നാണു കണ്ടെത്തിയത്.
Next Story

RELATED STORIES

Share it