ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം

തിരുവനന്തപുരം: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഒരാളും രക്ഷപ്പെടാത്തവിധത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. കുറ്റക്കാരുടെ പേരില്‍ മാതൃകാപരമായ നടപടിക്കും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത വിധമുള്ള ശാസ്ത്രീയവും ഫലപ്രദവുമായ നടപടികളും സ്വീകരിക്കണമെന്നു പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
പരീക്ഷാരംഗത്തെ കച്ചവടലോബികള്‍ക്കും നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും കുട്ടികളുടെ ഭാവിയെ അമ്മാനമാടാന്‍ വിട്ടുകൊടുക്കുന്ന നടപടിയെ അംഗീകരിക്കാനാവില്ല. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുണ്ടായ ഉല്‍കണ്ഠയിലും പ്രയാസങ്ങളിലും കേരള നിയമസഭ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 28 ലക്ഷത്തോളം കുട്ടികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതാണ് സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച. ഈ വിഷയം സംബന്ധിച്ച വിഷയം രാജ്യമാകെ ഗൗരവമായി ചര്‍ച്ചചെയ്യുകയാണ്. കേരളത്തിലും ലക്ഷദ്വീപിലുമായി 10ാം ക്ലാസില്‍ 72,489ഉം 12ാം ക്ലാസില്‍ 39,726ഉം വിദ്യാര്‍ഥികളടക്കം 1,12,215 വിദ്യാര്‍ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതിയത്. ഇക്കണോമിക്‌സിനും ഗണിതത്തിനും പുറമേ മറ്റു ചില വിഷയങ്ങളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായും രണ്ടു വര്‍ഷം മുമ്പത്തെ ചോദ്യപേപ്പര്‍ ഈ വര്‍ഷം ലഭിച്ചതായിട്ടുള്ള പരാതികളും ഉയര്‍ന്നുവന്നിട്ടുണ്ട്.
പരീക്ഷാ ചോദ്യപേപ്പറുകള്‍ ചോര്‍ത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും നടക്കാറുണ്ട്. അതിനാല്‍ പരീക്ഷാ ബോര്‍ഡുകള്‍ പരീക്ഷാ നടത്തിപ്പു കാലഘട്ടത്തില്‍ നിതാന്ത ജാഗ്രത കൈക്കൊള്ളാറുണ്ട്.
സിബിഎസ്ഇ പരീക്ഷയുടെ കാര്യത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച മാത്രമല്ല, ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതുന്ന പരീക്ഷയുടെ നടത്തിപ്പ് അതീവ ലാഘവത്തോടെ കണ്ടുവെന്നതാണ് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയത്. 12ാം ക്ലാസിലെ ഇക്കണോമിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് മാര്‍ച്ച് 23ന് തന്നെ സിബിഎസ്ഇക്ക് വിവരം ലഭിച്ചിരുന്നു. അതുപോലെ 10ാം ക്ലാസിലെ ഗണിത പരീക്ഷ നടത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ സിബിഎസ്ഇ അധികൃതര്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
ഇക്കണോമിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് മാര്‍ച്ച് 17നു തന്നെ പഞ്ചാബിലെ ലുധിയാന ഡിഎവി സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ഥിനി ജാന്‍വി ബെഹല്‍ പ്രധാനമന്ത്രിക്കു പരാതി അയച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അധികൃതര്‍ക്ക് പരീക്ഷയ്ക്കു മുമ്പുതന്നെ വിവരം ലഭിച്ചിട്ടും ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചില്ല. പരാതികളെല്ലാം നിസ്സാരമായി തള്ളിക്കളയുകയാണ് കേന്ദ്രസര്‍ക്കാരും സിബിഎസ്ഇയും ചെയ്തത്.
പരീക്ഷ റദ്ദാക്കേണ്ടിവരുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും ലക്ഷക്കണക്കിന് കുട്ടികളെ എന്തിനുവേണ്ടി പരീക്ഷ എഴുതിച്ചുവെന്നും ഇതുവഴി കുട്ടികളെ എന്തിനു മാനസികമായ പിരിമുറുക്കത്തിന് ഇടയാക്കി എന്നതിനും ഉത്തരം പറയാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it