ചോദ്യപേപ്പര്‍ ചോര്‍ച്ച: പത്താം ക്ലാസില്‍ പുനപ്പരീക്ഷയില്ല

ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ പത്താംതരത്തിലെ ഗണിത പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും സിബിഎസ്ഇയും തീരുമാനിച്ചു. 12ാംതരത്തിലെ സാമ്പത്തികശാസ്ത്ര ചോദ്യപേപ്പറും പത്താംതരത്തിലെ ഗണിത ചോദ്യപേപ്പറും ചോര്‍ന്നതിനെ തുടര്‍ന്ന് 12ാം ക്ലാസിലെ പരീക്ഷ വീണ്ടും നടത്താന്‍ സിബിഎസ്ഇ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.
പത്താം ക്ലാസിലെ ഗണിത പരീക്ഷ വീണ്ടും നടത്തണോ എന്ന കാര്യം 15 ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നായിരുന്നു അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ആവശ്യമെങ്കില്‍ ഡല്‍ഹിയിലും ഹരിയാനയിലും മാത്രം ഗണിത പരീക്ഷ ജൂലൈയില്‍ നടത്താമെന്നും കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രാലയവും ബോര്‍ഡും ഇന്നലെ തീരുമാനമെടുത്തത്. ഇന്ത്യയില്‍ എവിടെയും ഗണിത പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഉത്തരക്കടലാസ് വിശകലനം നടത്തിയതിനുശേഷമാണ് സിബിഎസ്ഇ അധികൃതര്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് അനുസരിച്ചുള്ള വ്യത്യാസം ഉത്തരക്കടലാസില്‍ പ്രകടമല്ലെന്നാണ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗണിത പരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അനില്‍ സ്വരൂപ് പറഞ്ഞു.
14 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 10ാംതരത്തിലെ ഗണിത പരീക്ഷ എഴുതിയത്. അതേസമയം, 12ാം ക്ലാസിലെ സാമ്പത്തികശാസ്ത്ര പരീക്ഷ ഈ മാസം 25ന് വീണ്ടും നടക്കും.
Next Story

RELATED STORIES

Share it