malappuram local

ചോദിക്കാനും പറയാനും ആളില്ല; റബര്‍ കര്‍ഷകരോട് ചിറ്റമ്മനയം

കുഞ്ഞിമുഹമ്മദ്  കാളികാവ്

കാളികാവ്: ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിലായ റബര്‍ കൃഷിയോട് അധികൃതരുടെ ചിറ്റമ്മനയം തുടരുന്നു. മലയോര മേഖലയുടെ പ്രധാന വരുമാനമായ റബ്ബര്‍ കര്‍ഷകരാണ് പ്രതിസന്ധിയുടെ പടുകുഴിയിലായിരിക്കുന്നത്.  റബ്ബറിന്റെ വില കുത്തനെയിടിഞ്ഞിട്ടും കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന ഗവര്‍മെന്റുകളില്‍ നിന്നും യാതൊരു നടപടിയുമില്ല. രാഷ്ട്രീയ കര്‍ഷക സംഘടനകളാവട്ടെ  തികഞ്ഞ മൗനത്തിലുമാണ്. കിലോക്ക് 250 രൂപ വിലയുണ്ടായിരുന്ന റബ്ബറിന് ഇപ്പോള്‍ ലഭിക്കുന്നത് വെറും 127 രൂപ യാണ്.  ഉല്‍പ്പാദന സംസ്‌കരണ ചെലവുകള്‍ കഴിച്ചാല്‍ കര്‍ഷകന് കിട്ടുന്നത് നഷ്ടക്കണക്ക് മാത്രമാണ്. കാപ്പി തേയില കുരുമുളക് അടക്ക എന്നിവക്കൊക്കെ താങ്ങുവിലയും സബ്‌സിഡിയും ലഭിക്കുന്നുണ്ട്.   എന്നാല്‍ റബറിന് മാന്യമായ വിലയോ സബ്‌സിഡിയോ ലഭിക്കുന്നില്ല. അതേസമയം മറുവശത്ത് ടയറുള്‍പ്പടെയുള്ള റബര്‍ ഉത്പന്നങ്ങള്‍ക്ക് കുത്തനെ വില കൂടിയിട്ടുണ്ട്.  കേന്ദ്ര സര്‍ക്കാര്‍ യഥേഷ്ടം ഇറക്കുമതി ചെയ്യാനുള്ള അനുമതിനല്‍കുക വഴി ടയര്‍ ലോബിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നതാണ് കര്‍ഷകരുടെ ദുരിതത്തിന് ആക്കം കൂട്ടുന്നത്. ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം നിലനില്‍ക്കെ ചുങ്കം പാടെ എടുത്ത കളയാനുള്ള നീക്കം നടക്കുന്നതും കേന്ദ്രത്തിന്റെ പീഡനമാണ്. താല്‍ക്കാലിക ആശ്വാസമെന്ന നിലയില്‍  നല്‍കിയിരുന്ന സബ്‌സിസിഡിയും ഇപ്പോള്‍ ലഭിക്കുന്നില്ല. പുറമെ  പ്ലാന്റേഷന്‍ സബ്‌സിഡിയും  മൂന്നു വര്‍ഷമായി കേന്ദ്ര ഗവര്‍മെന്റും നിര്‍ത്തലാക്കിയിരിക്കുകയാണ്. ചെലവും വരുമാനവും ഒത്തുപോകാത്തതിനാല്‍ ഒട്ടേറെ തോട്ടങ്ങള്‍ ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുകയാണ്. കര്‍ഷകരുടെയും കൃഷിയുടെയും ഉന്നമനത്തിനായി നിലവിലുള്ള റബ്ബര്‍ ബോര്‍ഡും കര്‍ഷകരെ കയ്യൊഴിഞ്ഞ മട്ടാണ്. അതിന്റെ ബോഡിന്റെ ആസ്ഥാനം കേരളത്തില്‍ നിന്ന് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.  കേരളത്തില്‍ ഇനി റബ്ബര്‍ വികസനം ആവശ്യമില്ലെന്നാണ് ബോഡിന്റെ കണ്ടെത്തലത്രെ. ഉത്തരേന്ത്യയില്‍ റബ്ബര്‍ കൃഷി വ്യാപിപ്പിക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. റബ്ബറിന് തറ വിലയായി 150 രൂപയെങ്കിലും ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Next Story

RELATED STORIES

Share it