malappuram local

ചോക്കാട് വിത്തുല്‍പാദന കേന്ദ്രം പ്രവര്‍ത്തനം അവതാളത്തില്‍

കാളികാവ്: നഷ്ടങ്ങള്‍ മാത്രം വിളയിക്കാനൊരു വിത്ത് കൃഷിതോട്ടം. മലപ്പുറം ജില്ലാ പഞ്ചായത്തിനു കീഴിലെ ചോക്കാട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് അവതാളത്തിലായത്. ജീവനക്കാരുടെ അടിക്കടിയുള്ള സ്ഥലമാറ്റവും വിദഗ്ധ തൊഴിലാളികളുടെ കുറവും അനുയോജ്യമായ സമയങ്ങളില്‍ കൃഷി ഇറക്കാത്തതും, കൃഷിസ്ഥലങ്ങള്‍ തരിശായിക്കിടക്കുന്നതും കാരണം വിത്തുല്‍പ്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നത്.
നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയോരത്ത് ചോക്കാട് ടൗണിനോട് ചേര്‍ന്ന് 12.5 ഹെക്ടര്‍ സ്ഥലത്താണ് സംസ്ഥാന വിത്തുല്‍പ്പാദന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 10 ഹെക്ടറോളം വിസ്തീര്‍ണത്തിലാണ് നെല്‍പ്പാടം പരന്നുകിടക്കുന്നത്. കൃഷി നനയ്ക്കാനാവശ്യമായ വെള്ളം ഫാമിന് പിറകിലൂടെ ഒഴുകുന്ന ചോക്കാടന്‍ പുഴയും സമൃദ്ധമായി നല്‍കുന്നുണ്ട്. ഇതില്‍ നിന്നു വെള്ളം എത്തിക്കുന്നതിനായി പമ്പ് ഹൗസും സ്ഥാപിച്ചിട്ടുണ്ട്.
നിലവില്‍ നെല്ലിന് പുറമേ തെങ്ങ്, വാഴ, പച്ചക്കറി, പുളി, പ്ലാവ് തുടങ്ങിയ കൃഷികളും നടത്തുന്നുണ്ട്. ത്രിതല പഞ്ചായത്തുകള്‍ നല്‍കു നിര്‍ദേശ പ്രകാരം കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാനുള്ള ഹൈബ്രിഡ് പച്ചക്കറി തൈകള്‍ വികസിപ്പിച്ചെടുക്കല്‍, ഗ്രോബാഗ് നിര്‍മാണം എന്നീ പ്രവൃത്തികളാണ് നടക്കേണ്ടത്. ഇതിനായി സര്‍ക്കാര്‍ ജീവനക്കാരായി സീനിയര്‍ കൃഷി ഓഫിസര്‍ അടക്കം ആറുപേരും കാഷ്വല്‍ തൊഴിലാളികളായി 21 പേരുമാണ് വേണ്ടത്. ഇതില്‍ കാഷ്വല്‍ തൊഴിലാളികളുടെ എണ്ണത്തില്‍ 2 പേരുടെ കുറവുണ്ട്. ഇവരില്‍ തെങ്ങില്‍ കയറുതിനുള്‍പ്പെടെയുള്ള വിദഗ്ധ തോഴിലാളികളുടെ കുറവ് ഫാമില്‍ ഉള്ളതിനാല്‍ ഒരു വര്‍ഷമായി തേങ്ങയിടാതെ പോവുന്നതിനും കാരണമായിട്ടുണ്ട്. ഇത് ഫാമിലെ 400ല്‍പരം തെങ്ങില്‍ നിന്നു ഒരു വര്‍ഷമായി ലഭിക്കേണ്ട തേങ്ങകള്‍ നശിച്ചു പോവുന്നതിനും കാരണമായി. തേങ്ങയ്ക്ക്  വിലവര്‍ധിച്ച സമയത്ത് നാടിന് ആശ്വാസമാവേണ്ട വസ്തുക്കള്‍ അധികൃതരുടെ അനാസ്ഥ കാരണം നശിച്ചു പോവുന്നത് പ്രതിഷേധത്തിന് കാരണമായി. കാലത്തിന് അനുസരിച്ച് കൃഷി ഇറക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ല.
നിലവില്‍ നല്ല മഴ ലഭിച്ച കാലമായിട്ടു പോലും ഒറ്റത്തവണ മാത്രമാണ് നെല്‍കൃഷി ഇറക്കാനായത്. അഞ്ച് ഹെക്ടറോളം വരുന്ന ബി സെക്ഷന്‍ കഴിഞ്ഞ വര്‍ഷം തരിശായി കിടന്നുവെന്നും ആരോപണമുണ്ട്. ഈ വര്‍ഷം നല്ല മഴ കിട്ടിയതിനാല്‍ മറ്റുകര്‍ഷകര്‍ രണ്ടുതവണ വിളവെടുത്തപ്പോള്‍ സീഡ് ഫാമില്‍ രണ്ടാം തവണ നെല്‍കൃഷിക്കുള്ള ഞാറ് പാകാന്‍ മാത്രമേ ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടുള്ളു. മാത്രമല്ല, പുളി, വാഴ, പ്ലാവ് എന്നിവയുടെ വിളവെടുപ്പ് അധികൃതര്‍ സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയും ചെയ്തു. ഫാമില്‍ വാഴക്കുല, പച്ചക്കറി എന്നിവ പ്രാദേശികമായി വില്‍പ്പന നടത്താറുണ്ട്. ഇതിന്റെ വില്‍പ്പന സംബന്ധിച്ച കണക്കില്‍ കൃത്രിമം നടക്കുന്നതായും ആക്ഷേപമുണ്ട്.
ഇത്തരത്തിലുള്ള അഭിപ്രായവത്യാസങ്ങള്‍ പലപ്പോഴും കാഷ്വല്‍ തൊഴിലാളികളും ചില ജീവനക്കാരും തമ്മിലുള്ള മുറുമുറുപ്പിന് കാരണമാവുന്നതും ഫാമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടം തട്ടുന്നുണ്ട്. വര്‍ഷാവര്‍ഷം ഫാമിന്റെ നഷ്ടക്കണക്ക് മാത്രം പരിശോധിക്കുന്ന അധികൃതര്‍ ഫാമിലെ നഷ്ടങ്ങള്‍ക്കിടയാക്കുന്ന അനാസ്ഥയെ കുറിച്ചും ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോവാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it