malappuram local

ചോക്കാട് പന്നിക്കോട്ടുമുണ്ടയില്‍ മൂന്ന് ടിപ്പറുകളും എക്‌സ്‌കവേറ്ററും പിടികൂടി

കാളികാവ്: അനധികൃത മണ്ണെടുപ്പ് ചോക്കാട് പന്നിക്കോട്ടുമുണ്ടയില്‍ നിന്നും ടിപ്പറുകളും മണ്ണുമാന്തി യന്ത്രവും പിടികൂടി. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മൂന്ന് ടിപ്പറുകളും എക്‌സ്‌കവേറ്ററും പിടികൂടിയത്.  രഹസ്യവിവരത്തെ തുടര്‍ന്ന് കാളികാവ് പോലിസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. പന്നിക്കോട്ടുമുണ്ട കോട്ടപ്പുഴ മേഖലയില്‍ കുന്നിടിക്കല്‍ വ്യാപകമായിരുന്നു. തുടര്‍ന്നാണ് കാളികാവ് പോലിസ് ശക്തമായ നടപടിയുമായി രംഗത്തെത്തിയത്.
മാസങ്ങളോളമായി പ്രദേശത്ത് വ്യാപക മണ്ണെടുപ്പ് തുടങ്ങിയിട്ട്. ഉയര്‍ന്ന പ്രദേശത്തു നിന്നും മണ്ണെടുക്കുന്നത് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സ്ഥലം ഉടമയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. വാളക്കുളം ലക്ഷംവീട് കോളനി ഭാഗത്തെ കുന്നിടിക്കലിനെതിരെ സിപിഎം ചോക്കാട് ലോക്കല്‍ കമ്മിറ്റി രംഗത്ത് വന്നിരുന്നു. അതേസമയം മണ്ണെടുക്കുന്നവര്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നു. പിടികൂടിയ ജെസിബിയും ടിപ്പറുകളും ഉടന്‍ തന്നെ റവന്യു അധികൃതര്‍ക്ക് കൈമാറുമെന്ന് കാളികാവ് പോലിസ് അറിയിച്ചു. കാളികാവ് എസ്‌ഐ പ്രമോദ് കുമാര്‍, എഎസ്‌ഐ കരീം, സിപിഒമാരായ പ്രവീണ്‍, നിയാസ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it