malappuram local

ചോക്കാട് പഞ്ചായത്ത്: പടലപ്പിണക്കം ഇരുമുന്നണികള്‍ക്കും തലവേദനയാവുന്നു

കാളികാവ്: ചോക്കാട് പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും തലവേദനയായി സ്വന്തം അണികളുടെ പടലപ്പിണക്കം. മുസ്‌ലിംലീഗും കോണ്‍ഗ്രസും മുന്നണിയായി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുപോവുമ്പോഴും ഉദരംപൊയിലില്‍ ഭിന്നത പരിഹരിച്ചിട്ടില്ല. ലീഗ് നേതാവും പഞ്ചായത്തംഗവുമായ മുസ്ല്യാരകത്ത് അബ്ദുല്‍ ഹമീദിനെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് പരിഗണിക്കാത്തതാണ് പ്രശനം. അതേസമയം, ഒരു വ്യക്തി നല്‍കിയ പരാതിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇരു പാര്‍ട്ടിക്കാരും വെവ്വേറെയാണ് നടത്തുന്നത്.
ഇതിനായി ഇരു പാര്‍ട്ടികളും പ്രത്യേകം കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. മേല്‍ കമ്മിറ്റി നിര്‍ദേശം പരിഗണിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ബോര്‍ഡുകളും പോസ്റ്ററുകളും ഉള്‍പ്പടെ ആദ്യം നല്‍കിയതല്ലാതെ പിന്നീട് നല്‍കിയിട്ടില്ല. ലീഗുകാര്‍ വീടുകളില്‍ വോട്ട് ചോദിച്ച് ഇറങ്ങിയിരുന്നുവെങ്കിലും പിന്നീട് അതും നിര്‍ത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏതാനും വീടുകളില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയിട്ടുണ്ട്. മറ്റ് പ്രദേശത്തേക്ക് ഈ ഭിന്നത വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയും ഉള്‍പ്പടെയുള്ളവര്‍ രാജിവച്ച് സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇവരെ എല്‍ഡിഎഫിന്റെ ഭാഗമായി അംഗീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ നിശാന്ത് തന്നെ കഴിഞ്ഞ ദിവസം സിപിഐ ഓഫിസിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
തുടര്‍ന്ന് സഹകരിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, അവഗണന തുടരുകയാണെന്ന് ആരോപിച്ച് വ്യാഴാഴ്ച നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ നിന്ന് ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. എല്‍ഡിഎഫിലെയും യുഡിഎഫിലെയും ഭിന്നത വോട്ടിങില്‍ പ്രതിഫലിക്കില്ലെന്നാണ് ഇരു മുന്നണി നേതൃത്വവും പറയുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നറിയണമെങ്കില്‍ 19 വരെ കാത്തിരിക്കണം.
Next Story

RELATED STORIES

Share it