malappuram local

ചോക്കാട് ജിയുപി സ്‌കൂളിന് ഭീഷണിയായി മരവും മതിലും

കാളികാവ്:  ചോക്കാട് ജിയുപി സ്‌കൂളിന് സമീപത്ത് അപകട ഭീഷണി ഉയര്‍ത്തി കൂറ്റന്‍ മരവും മതിലും. മൃഗാശുപത്രി കെട്ടിടത്തിനുവേണ്ടി മതിലിന്റെ ഒരു ഭാഗം പൊളിച്ചെങ്കിലും വിദ്യാഥികള്‍ക്ക് ഭീഷണിയിലായ മതിലിന്റെ ഭാഗം പൊളിച്ചുനീക്കാത്തത് കൂടുതല്‍ അപകടാവസ്ഥയിലായി. ഏത് നിമിഷവും തകര്‍ന്നുവീഴുന്ന നിലയിലാണ് സ്‌കൂളിന് സമീപത്തെ മരവും മതിലും. 12 ലക്ഷം രൂപ വകയിരുത്തി കെട്ടിടം നിര്‍മിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കല്ലും മണലും മെറ്റലും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയാണ് മതിലിന്റെ ഒരു ഭാഗം പൊളിച്ചത്. ചോക്കാട് സ്‌കൂളിലേക്കുള്ള റോഡിലാണ് മരവും മതിലും ഭീഷണിയായി നില്‍ക്കുന്നത്.
മരത്തിന്റെ വേരുകളും മറ്റും കാരണമാണ് മതില്‍ ഒരു ഭാഗം അടര്‍ന്ന് നില്‍ക്കുന്നതിന് കാരണം. മൃഗാശുപത്രിയിലേക്ക് എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ജീവന് ഭീഷണിയായിട്ടാണ് മരവും മതിലും സ്ഥിതി ചെയ്യുന്നത്. മതിലിന്റെ അടര്‍ന്ന് നില്‍ക്കുന്ന ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വൈദ്യുതി പോസ്റ്റും സ്‌റ്റേ കമ്പിയും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവും. സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വീടിനും മരം ഭീഷണിയാണ്.
നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ചോക്കാട് മൃഗാശുപത്രി കോംപൗണ്ടിലെ മരവും മതിലും മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമായിട്ടില്ല. മരത്തിന്റെ വേരുകള്‍ കാരണം ഏറെക്കാലത്തെ സമരങ്ങള്‍ക്കും മറ്റ് വിവാദങ്ങള്‍ക്കും ശേഷം നിര്‍മിച്ച റോഡും തകര്‍ച്ചാ ഭീഷണിയിലാണ്. അധികൃതരുടെ നിസ്സംഗത വലിയൊരു ദുരന്തത്തിന് കാരണമാവുമെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഇതിനിടെ പ്രശ്‌ന പരിഹാരത്തിന് നടപടിയായില്ലെങ്കില്‍ മൃഗാശുപത്രിയുടെ കെട്ടിട നിര്‍മാണം ഉള്‍പ്പെടെ തടസ്സപ്പെടുത്തി വന്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it