malappuram local

ചോക്കാട് കാട്ടാനയുടെ ആക്രമണം ; വ്യാപകമായി കൃഷി നശിച്ചു



കാളികാവ്: ചോക്കാട് കുറിഞ്ഞിയമ്പലത്ത് കാട്ടാനയുടെ പരാക്രമം. കര്‍ഷകനായ സാജന്റെ മോട്ടോര്‍ ബൈക്കും വാഴ കൃഷിയും നശിപ്പിച്ചു. ഒറ്റയാന്റെ ആക്രമണത്തില്‍ നിന്നു സാജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാത്രി കൃഷിയിടത്തില്‍ കാവലിന് പോയ സാജന്‍ വാഴ തോട്ടത്തിനുസമീപം ബൈക്ക് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തോട്ടത്തില്‍ സന്ദര്‍ശനം നടത്തി രാത്രി പതിനൊന്നോടെ തിരിച്ചുവരുമ്പോഴാണ് ഒറ്റയാന്‍ ബൈക്ക് ചവിട്ടി നശിപ്പിക്കുന്നതായി കണ്ടത്. ബൈക്ക് അല്‍പം ദൂരം വലിച്ചുകൊണ്ടുപോയ ശേഷമാണ് തകര്‍ത്തത്. നശിപ്പിച്ച ബൈക്കിനു സമീപം ഇരുട്ടില്‍ നിലയുറപ്പിച്ച ഒറ്റയാന്‍ സാജന്റെ പിറകെ ഓടിയടുത്തെങ്കിലും തുമ്പികൈ കൊണ്ടുള്ള അടിയില്‍ നിന്നു തലനാരിഴയ്ക്കാണ് സാജന്‍ രക്ഷപ്പെട്ടത്. കലിപൂണ്ട് ചിന്നം വിളിക്കുന്ന കാട്ടാനയെ സമീപവാസികളെത്തി പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി മാറ്റിയ ശേഷമാണ് പിന്നീട് കാവല്‍ പുരയിലേക്ക് സാജന് തിരിച്ചുപോരാനായത്. തിങ്കളാഴ്ച രാവിലെയാണ് സമീപത്തെ പ്ലാവില്‍ നിന്ന് ചക്കകള്‍ പറിച്ച് ഭക്ഷിച്ചതും വാഴയും മറ്റു കൃഷികളും നശിപ്പിച്ചതായും കണ്ടത്. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്ന സാജന് രണ്ട് മാസം മുമ്പ് ആയിരത്തോളം നേന്ത്ര വാഴകള്‍ കാറ്റടിച്ച് നശിച്ചിരുന്നു. ഇതിന് പുറമെയാണ് ശേഷിച്ചിരുന്ന വാഴക്കൃഷിയും ബൈക്കും കാട്ടാന നശിപ്പിച്ചത്. എരങ്കോല്‍, നെല്ലിക്കര മലവാരങ്ങളില്‍ നിന്നാണ് കാട്ടാനകള്‍ മരുതങ്കാട് കുറിഞ്ഞിയമ്പലം ഭാഗങ്ങളില്‍ എത്തുന്നത്. ആന മതിലും സോളാര്‍ വേലികളും മറികടന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. മേഖലയില്‍ ആന, പന്നി, കുരങ്ങ് എന്നിങ്ങനെ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാറുകള്‍ വിമുഖത കാണിക്കുകയാണെന്നും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അടിയന്തര സഹായം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ പി രാജന്‍ ആവശ്യപ്പെട്ടു. മനുഷ്യരുടെ ജീവനും സ്വത്തും വന്യമൃഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്നും ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. സംഭവ സ്ഥലം ബീറ്റ് ഫോറസറ്റ് ഓഫിസര്‍മാരായ  രാജേഷ്, പ്രവിശ് സന്ദര്‍ശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സാജന്‍ വനംവകുപ്പിന് പരാതി നല്‍കി.
Next Story

RELATED STORIES

Share it