kannur local

ചൊവ്വ-മട്ടന്നൂര്‍ റോഡിന് ശാപമോക്ഷമാവും



മട്ടന്നൂര്‍: കണ്ണുര്‍ വിമാനത്താവളത്തോടനുബന്ധിച്ചുള്ള ആറ് റോഡുകള്‍ നാലുവരി പാതയായി മാറുമ്പോള്‍ ചൊവ്വ-മട്ടന്നൂര്‍ റോഡിന് ശാപമോക്ഷമാവുമെന്ന് പ്രതീക്ഷ. വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് നിര്‍മിച്ചതു മുതല്‍ ഒരു വികസനം പോലും നടക്കാത്ത റോഡുകളില്‍ ഒന്നാണ് മട്ടന്നൂര്‍-ചൊവ്വ റോഡ്. കഴിഞ്ഞ ഏതാനും വര്‍ഷം മുമ്പ് നിലവിലുള്ള റോഡ് മെക്കാഡം ടാറിങ് നടത്തിയത് മാത്രമാണ് എകവികസനം. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിമാനത്താവളത്തിലേക്ക് കണ്ണുരില്‍ നിന്ന് ഏളുപ്പത്തില്‍ എത്തിച്ചേരാന്‍ വേണ്ടി ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മിക്കാന്‍ നിര്‍ദ്ദേശം ഉയര്‍ന്നുവന്നപ്പോള്‍ ചൊവ്വ-മട്ടന്നൂര്‍ റോഡ് പഴയ വീതിയില്‍ നിലനിര്‍ത്താനാണ് തിരുമാനിച്ചത്. സ്ഥലവാസികളുടെ എതിര്‍പ്പ് കാരണം ഗ്രീന്‍ഫീല്‍ഡ് പദ്ധതി താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. പുതിയ നിര്‍ദേശ പ്രകാരം ഗ്രീന്‍ഫീല്‍ഡ് ഒഴിവാക്കി ചൊവ്വ-മട്ടന്നൂര്‍ റോഡ് നാലുവരി പാതയായി ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ രണ്ടുവരി പാതയാണിത്. നാലുവരിയാവുന്നതോടെ നിരവധി കടകളും ഭുമിയും ഏറ്റെടുക്കേണ്ടി വരും. കാഞ്ഞിരോട് തുടങ്ങിയ സ്ഥലങ്ങളിലെ ദുരിഭാഗം കടകളും റോഡ് വികസനഭാഗമായി ഇല്ലാതാവും. ചൊവ്വ-കണ്ണൂര്‍ റൂട്ടില്‍ എറ്റവും വീതി കുറഞ്ഞ സ്ഥലമാണ് കാഞ്ഞിരോട്. ചൊവ്വയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് 26 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ വായത്തോട് മുതല്‍ വിമാനത്താവളം ഒന്നാം ഗേറ്റ് വരെ വീതികൂട്ടി എതാനുമാസം മുമ്പ് തന്നെ താര്‍ ചെയ്തിരുന്നു. ഒന്നാം ഗേറ്റ് മുതല്‍ രണ്ടാം ഗേറ്റ് വരെ നിലവിലുള്ള വീതിയില്‍ ടാര്‍ പ്രവൃത്തി പൂര്‍ത്തികരിച്ചിട്ടുണ്ട്. മട്ടന്നൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകള്‍ നാല് വരിയായി വികസിപ്പിക്കാനുള്ള വിശദമായ അലൈന്‍മെന്റ് പ്രൊപ്പോസല്‍ രണ്ടു മാസത്തിനകം സമര്‍പ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അലൈന്‍മെന്റ് അന്തിമമാക്കി വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട്(ഡിപിആര്‍) തയ്യാറാക്കാനുള്ള ഏജന്‍സിയെ എത്രയും വേഗം നിശ്ചയിക്കണമെന്നാണു നിര്‍ദേശം. വിശദമായ പ്രൊജക്ട് റിപോര്‍ട്ട്(ഡിപിആര്‍) നാലു മാസത്തിനകം തയ്യാറാക്കാനാണ് യോഗത്തില്‍ ധാരണയായത്. ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ബുദ്ധിമുട്ട് കുറച്ചുവേണം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. റോഡ് വികസന ഭാഗമായി കടകള്‍ ഒഴിപ്പിക്കുമ്പോള്‍ വാടകക്കാരായി കച്ചവടം ചെയ്യുന്നവരുടെ പ്രശ്‌നം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നഷ്ടപരിഹാരം ഉടമകള്‍ക്കാണ് നല്‍കുക. എന്നാല്‍ ഒഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളിലെ വാടകക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്ന കാര്യം കൂടി പരിഗണിച്ച് ആവശ്യമായ നടപടികള്‍ കൈക്കാള്ളണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it