thrissur local

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പുനസ്സംഘടന നീളുന്നത് പ്രതിസന്ധിയാവുന്നു



തൃശൂര്‍: കുട്ടികള്‍ക്കെതിരേയുള്ള കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുമ്പോഴും സംസ്ഥാനത്തെ 14 ജില്ലകളിലേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പുനഃസംഘടന അനിശ്ചിതമായി നീളുന്നത് പ്രതിസന്ധിയായി മാറുന്നു. ഒന്നര വര്‍ഷത്തിലേറെയായി കാലാവധി കഴിഞ്ഞ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നത്. തൃശൂരടക്കമുള്ള ജില്ലകളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പുനസംഘടിപ്പിക്കാന്‍ നടപടി സ്വീകരിച്ചതാണെങ്കിലും കമ്മിറ്റിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോവുകയാണ്. നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആഴ്ചയില്‍ രണ്ടു ദിവസമാണ് സിറ്റിങ് നടത്തുന്നത്. മറ്റു പല ഔദ്യോഗിക തിരക്കുകളുംമൂലം കമ്മിറ്റി അംഗങ്ങളില്‍ പലര്‍ക്കും സിറ്റിങില്‍ പങ്കെടുക്കാന്‍ കഴിയാത്ത അസൗകര്യവുമുണ്ട്. ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള പോക്‌സോ കേസുകള്‍ മാത്രം 683 എണ്ണമാണ് കെട്ടികിടക്കുന്നത്. പുതിയ കമ്മിറ്റികള്‍ ആഴ്ചയില്‍ 5 ദിവസം സിറ്റിങ് നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പ്രമാദമായ കേസുകളെല്ലാം കൈകാര്യം ചെയ്യുന്ന ഫസ്റ്റ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിലവില്‍ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നത്. കേസുകള്‍ നീണ്ടുപോവുന്ന സാഹചര്യവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ വൈകുന്നതു മൂലം കുട്ടികള്‍ക്കെതിരെയുള്ള പരാതികള്‍ വേണ്ടത്ര കാര്യക്ഷമമായി പരിശോധിക്കാനാകാത്തതും കുട്ടികള്‍ക്കെതിരെയുള്ള കടുത്ത അവകാശലംഘനമാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി പി ജോര്‍ജ് പറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ പറയുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയനുസരിച്ച് ജില്ലയിലെ കേസുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം മാത്രമേ പരഗണിക്കപ്പെടുകയുള്ളൂ എന്നതാണാവസ്ഥ. രണ്ടു വര്‍ഷത്തോളമായി വിവിധ കാരണങ്ങളാല്‍ പുനസംഘടിപ്പിക്കാത്ത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ അടിയന്തരമായി പുനസംഘടിപ്പിക്കാനും തൃശൂരില്‍ കുട്ടികളുടെ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പോക്‌സോ കോടതി സ്ഥാപിക്കണമെന്നുമാണ് നിയമവിദഗ്ധരുടെ ആവശ്യം.
Next Story

RELATED STORIES

Share it