World

ചൈന പ്രതിരോധ വിഹിതം 8.1 ശതമാനം വര്‍ധിപ്പിച്ചു

ബെയ്ജിങ്: നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ചൈന പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 8.1 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ, ഈ വര്‍ഷം പ്രതിരോധ മേഖലയ്ക്കായി ചൈന നീക്കിവച്ചിരിക്കുന്ന തുക 17500 കോടി യുഎസ് ഡോളറായി ഉയര്‍ന്നു.
ചൈനീസ് സൈന്യത്തിന്റെ സ്വാധീനവും ആയുധശേഖരവും വര്‍ധിപ്പിക്കുമെന്ന പ്രസിഡന്റ് ഷി ജിന്‍പെങ്ങിന്റെ നയത്തിനനുസൃതമാണ് പ്രതിരോധ വിഹിതത്തിലെ വര്‍ധന. വിവിധ രാജ്യങ്ങളുമായി ദക്ഷിണ ചൈനാ കടലിനെച്ചൊല്ലിയും ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളോട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടും തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ വിഹിതം ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി പ്രതിരോധ വിഹിതത്തില്‍ കൂടുതല്‍ വര്‍ധനയാണു ചൈന വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏഴു ശതമാനമായിരുന്നു വര്‍ധന. ചൈന അഭിമുഖീകരിക്കുന്ന നിരവധി സുരക്ഷാ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് പ്രതിരോധ വിഹിതം വര്‍ധിപ്പിച്ചതെന്നു പ്രതിരോധ മന്ത്രാലയ വക്താവ് നി സീഷോങ് അറിയിച്ചു. രാജ്യത്തു സമാധാനം നിലനിര്‍ത്താനും ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കാനുമാണിതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ പ്രതിരോധ വിഹിതം ഇന്ത്യയുടെ പ്രതിരോധ വിഹിതത്തിന്റെ മൂന്നിരട്ടിയിലേറെയാണ്. കഴിഞ്ഞ മാസം അവതരിപ്പിച്ച ബജറ്റ് അനുസരിച്ച് പ്രതിരോധ മേഖലയ്ക്കുള്ള ഇന്ത്യയുടെ വിഹിതം 4600 കോടി യുഎസ് ഡോളര്‍ മാത്രമാണ്. ചൈന പ്രതിരോധ ചെലവ് കുത്തനെ ഉയര്‍ത്തുന്നത് ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. യുഎസിനു ശേഷം പ്രതിരോധ മേഖലയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യമാണു ചൈന.
Next Story

RELATED STORIES

Share it