World

ചൈന-പാക് സാമ്പത്തിക ഇടനാഴി: അഫ്ഗാനെയും ഉള്‍പ്പെടുത്തും

ബെയ്ജിങ്: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയില്‍ അഫ്ഗാനിസ്താനെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമം. മൂന്നു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കു ശേഷം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 57 ദശലക്ഷം ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മേഖലയുടെ വികസനത്തിന് പ്രയോജനപ്പെടുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്നും വാങ് യി വ്യക്തമാക്കി.
പാക്-ചൈന ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സഹകരിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അഫ്ഗാന്‍ ജനതയ്ക്ക് വികസനം ലഭ്യമാക്കണം. അതിനു വേണ്ടിയാണ് സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി അറിയിച്ചു.
ചൈനയും പാകിസ്താനും തമ്മിലുള്ള ബന്ധം ഉരുക്കുപോലെ ഉറച്ചതാണെന്ന് പാക് വിദേശകാര്യമന്ത്രി ക്വാജ ആസിഫ് പറഞ്ഞു.
പാക് അധീന കശ്മീരിലൂടെ കടന്നുപോവുന്ന പദ്ധതിക്കെതിരേ ഇന്ത്യ ശക്തമായി രംഗത്തുവന്നിരുന്നു. എന്നാല്‍, അതിര്‍ത്തിത്തര്‍ക്കവുമായി പദ്ധതിക്ക് യാതൊരു ബന്ധവുമില്ലെന്ന് വാങ് യി അറിയിച്ചു.
പാകിസ്താന്‍ സായുധ സംഘങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നു എന്ന യുഎസിന്റെയും അഫ്ഗാന്റെയും ആരോപണത്തെ തുടര്‍ന്ന്് പാക്-അഫ്ഗാന്‍ ബന്ധം വഷളായിരുന്നു. തുടര്‍ന്നാണ് ചൈനയുടെ മധ്യസ്ഥതയില്‍  സമാധാന ചര്‍ച്ചകള്‍ക്കു ശ്രമം തുടങ്ങിയത്്. അതേസമയം, പാകിസ്താനും അഫ്ഗാനിസ്താനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇരു വിദേശകാര്യ മന്ത്രിമാരും താലിബാനോട് ആവശ്യപ്പെട്ടു. സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകളെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു.
Next Story

RELATED STORIES

Share it