ചൈനീസ് നയതന്ത്ര പ്രതിനിധികള്‍ പ്രാകൃതരെന്ന് ബ്രിട്ടിഷ് രാജ്ഞി; ചൈനയില്‍ ബിബിസി സംപ്രേഷണം തടസ്സപ്പെട്ടു  

ലണ്ടന്‍: ചൈനീസ് നയതന്ത്ര പ്രതിനിധികളെ ബ്രിട്ടിഷ് രാജ്ഞി പ്രാകൃതരെന്ന് വിശേഷിപ്പിക്കുന്ന വീഡിയോ പുറത്തായി. ബക്കിങ്ഹാം കൊട്ടാരത്തില്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥയുമായുള്ള സംഭാഷണത്തിനിടെയാണ് എലിസബത്ത് രാജ്ഞിയുടെ വിവാദ പരാമര്‍ശം. നൈജീരിയയ്ക്കും അഫ്ഗാനിസ്താനുമെതിരേ അഴിമതി ആരോപണം നടത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടിലായതിനു പിന്നാലെയാണ് രാജ്ഞിയുടെ പരാമര്‍ശം വിവാദമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ സന്ദര്‍ശിച്ച ചൈനീസ് നയതന്ത്ര പ്രതിനിധികള്‍ക്കെതിരേയാണ് എലിസബത്തിന്റെ പരാമര്‍ശം.
ഒക്ടോബറില്‍ ബ്രിട്ടനിലെത്തിയ ചൈനീസ് പ്രസിഡന്റ് സി ജിങ് പിങിനും ഭാര്യക്കും സുരക്ഷയൊരുക്കിയ വനിതയെന്ന രീതിയില്‍ പോലിസ് മേധാവിയെ വിശേഷിപ്പിച്ചപ്പോള്‍ അത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു രാജ്ഞിയുടെ മറുപടി. അത് തനിക്ക് ഒരു പരീക്ഷണ സമയമായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥ പറയുമ്പോള്‍ തനിക്കും അങ്ങനെ തന്നെയായിരുന്നു എന്നും ചൈനീസ് നയതന്ത്ര പ്രതിനിധികള്‍ അംബാസഡറോട് പ്രാകൃതമായി പെരുമാറിയെന്നും എലിസബത്ത് പറയുന്നുണ്ട്. കൊട്ടാരത്തിലെ ഔദ്യോഗിക കാമറാമാന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. തുടര്‍ന്ന് ചൈനയില്‍ ബിബിസി സംപ്രേഷണം തടസ്സപ്പെട്ടതായും റിപോര്‍ട്ടുണ്ട്.
ചൈനയുമായുള്ള ബന്ധം വിജയകരമായിരുന്നുവെന്നും അത് ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമെന്നും കൊട്ടാരം അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it