ചൈനയെ പ്രകോപിപ്പിച്ച് അമേരിക്കയുടെനടപടി;തായ്‌വാന് യുഎസ് ആയുധങ്ങള്‍

വാഷിങ്ടണ്‍/ബെയ്ജിങ്: ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് തായ്‌വാന് ആയുധങ്ങള്‍ നല്‍കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ചു. രണ്ടു യുദ്ധക്കപ്പല്‍, മിസൈലുകള്‍, സൈനിക ടാങ്കുകള്‍, മറ്റു പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവ കൈമാറുന്ന 183 കോടി ഡോളറിന്റെ വില്‍പ്പനയ്ക്കാണ് അനുമതി.
നാലു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് തായ്‌വാന് ഇത്രയുമധികം ആയുധങ്ങള്‍ അമേരിക്ക നല്‍കുന്നത്. ബന്ധപ്പെട്ട ബില്ല് കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് പാസാക്കിയിരുന്നു. തങ്ങളുടെ ഒറ്റചൈന നയത്തില്‍ മാറ്റമില്ലെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. കാലുമാറിയ പ്രവിശ്യയായി ചൈന കാണുന്ന സ്ഥലമാണ് തായ്‌വാന്‍.
തായ്‌വാനുമായി സൈനിക കരാറുകളുണ്ടാക്കാന്‍ അമേരിക്ക രൂപീകരിച്ച തായ്‌വാന്‍ റിലേഷന്‍സ് ആക്ട് പ്രകാരം 1000 കോടിയിലധികം ഡോളറിന്റെ വില്‍പ്പന നേരത്തേ നടത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നു വേറിട്ട രാജ്യമായി തായ്‌വാനെ കാണുന്നില്ലെങ്കിലും അവര്‍ക്കു സ്വന്തമായി പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
അതേസമയം, അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഎസ് നയതന്ത്ര പ്രതിനിധി കയി ലീയെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. തായ്‌വാന് ആയുധങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരേ ഉപരോധം ചുമത്തുമെന്നും അമേരിക്കന്‍ നടപടിയെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്നും വിദേശകാര്യ സഹമന്ത്രി ഷെങ് ഷഗുവാങ് പറഞ്ഞു. ചൈനയുടെ പരമാധികാരത്തെയാണ് അമേരിക്ക ചോദ്യംചെയ്യുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള അമേരിക്കയുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it