ചൈനയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു

ബെയ്ജിങ്: ചൈനയില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.
അടുത്തിടെ വെനിസ്വേലയില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഒരു യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ ജിയാങ്‌സിയില്‍ സ്ഥിതി ചെയ്യുന്ന ഗാന്‍സിയാന്‍ കൗണ്ടിയിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ദേശീയ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുന്ന ഇയാള്‍ക്ക് അസുഖം ഭേദപ്പെട്ടു വരുന്നതായാണ് വിവരം.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഏകദേശം 40 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. 25ഓളം രാജ്യങ്ങളിലാണ് വൈറസ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
സിക്ക വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആദ്യം ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബ്രസീലില്‍ ആയിരക്കണക്കിന് കുട്ടികള്‍ തലച്ചോറിന് വൈകല്യവുമായി ജനിച്ചതോടെയാണ് സിക്ക വൈറസ് ശ്രദ്ധിക്കപ്പെട്ടത്.
വൈറസ് ബാധിച്ചവരില്‍ പ്രത്യേകമായ ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Next Story

RELATED STORIES

Share it