ചൈനയില്‍ സംഭവിക്കുന്നത്

സി കെ അബ്ദുല്‍ അസീസ്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം കോണ്‍ഗ്രസ്സും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പീപ്പിള്‍സ് റിപബ്ലികിന്റെ പ്രസിഡന്റുമായ ഷി ജിന്‍പെങിന്റെ രണ്ടാമൂഴവും പാശ്ചാത്യ മാധ്യമങ്ങളും ചൈനീസ് നിരീക്ഷകരും അത്യന്തം പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ഷി ജിന്‍പെങ് 2012ല്‍ പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്റെയും നേതൃത്വത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം നടത്തിയ പ്രഖ്യാപനങ്ങള്‍ അക്കാലത്തുതന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ചൈനയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാശ്ചാത്യ മുതലാളിത്തത്തെ മാതൃകയാക്കില്ലെന്ന് തുറന്നടിച്ചുകൊണ്ടാണ് ഷി ജിന്‍പെങ് ചൈനയുടെ സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ക്ക് ആക്കംകൂട്ടുന്ന നയസമീപനങ്ങള്‍ നടപ്പില്‍വരുത്തിയത്. 2012 മുതല്‍ 2017 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിശകലനവും വിമര്‍ശന-സ്വയംവിമര്‍ശനാത്മകമായ വിലയിരുത്തലുകളും ഭാവിയെക്കുറിച്ചുള്ള വിഭാവനകളും കര്‍മപരിപാടികളുമെല്ലാം ഉള്ളടങ്ങുന്നതാണ് 19ാം കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ട്. ഈ പ്രവര്‍ത്തന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനി ചൈനയുടെ ഭരണവും രാഷ്ട്രീയവും പ്രവര്‍ത്തനനിരതമാവാന്‍ പോകുന്നത്.
ഷി ജിന്‍പെങ് അധികാരം ഏറ്റെടുത്തതിനു ശേഷമുള്ള അഞ്ചു വര്‍ഷ കാലയളവില്‍ ചൈനീസ് സ്വഭാവത്തിലുള്ള 'സോഷ്യലിസം' എത്രത്തോളം അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ വിജയിച്ചുവെന്നതും തുടര്‍പ്രക്രിയയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള പരിഷ്‌കരണ പരിപാടികള്‍ക്ക് എത്രത്തോളം വിജയം വരിക്കാന്‍ സാധിക്കുമെന്നതും പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുമ്പും ശേഷവും പാശ്ചാത്യ മാധ്യമങ്ങളും വന്‍ശക്തികളും ചര്‍ച്ചാവിഷയമാക്കുകയുണ്ടായി.
ഈ മാധ്യമചര്‍ച്ചക്കാരും ചൈനീസ് കാര്യ വിദഗ്ധരും യൂറോ-അമേരിക്കന്‍ സാമ്പത്തിക ശാസ്ത്ര വിശാരദരും ചൈനീസ് സമ്പദ്‌വ്യവസ്ഥ അനിവാര്യമായ പതനത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക മേഖലയെ കൂടുതല്‍ ഉദാരവല്‍ക്കരിക്കാതെ ചൈനയ്ക്കു മുന്നോട്ടുപോകാനാവില്ലെന്നും 2012 മുതല്‍ക്കു തന്നെ പ്രവചനം നടത്തിയവരാണ്. ഈ നിഗമനത്തെ ശക്തിപ്പെടുത്താന്‍ ആവശ്യമായ സ്ഥിതിവിവരങ്ങളും മുന്നില്‍ വച്ചിരുന്നു.
''പരിഷ്‌കരണം' അല്ലെങ്കില്‍ 'ഉത്തേജനം' എന്നതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ചൈനയുടെ മുന്നിലില്ല. 'പരിഷ്‌കരണ'മോ 'മുരടിപ്പോ' തിരഞ്ഞെടുത്തുകൊണ്ടു മുന്നോട്ടുപോകാതെ ഇനി ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്കു രക്ഷയില്ല'' എന്നാണ് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ആസ്ഥാന പണ്ഡിതന്‍ ഡെറെക് സിസ്സേഴ്‌സ് അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ ഐക്യനാടുകളിലെ മുന്‍ ട്രഷറി സെക്രട്ടറിയായിരുന്ന ലോറന്‍സ് സമ്മേഴ്‌സ് പ്രവചിച്ചത് ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ അനിവാര്യമായ പതനമാണ്. മാനവചരിത്രത്തില്‍ തന്നെ അന്യാദൃശമായ തരത്തില്‍ 32 വര്‍ഷം ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയ ഒരേയൊരു രാഷ്ട്രമാണ് ചൈന. അതുകൊണ്ടുതന്നെ ഇതിന് അനിവാര്യമായൊരു അന്ത്യരംഗവും ഉണ്ടായിരിക്കും. ഏതാണ്ട് രണ്ടു ശതമാനം വളര്‍ച്ചാനിരക്കിലേക്ക് ചൈനയ്ക്ക് നിലംപതിക്കാതെ നിവൃത്തിയില്ലെന്നാണ് ലോറന്‍സിന്റെ നിരീക്ഷണം.
ലോകബാങ്കും ഐഎംഎഫുമെല്ലാം ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധിയില്‍ അത്യന്തം ഉല്‍ക്കണ്ഠയുള്ളവരാണ്. ചൈനയില്‍ 1979ല്‍ സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ നടപ്പാക്കിത്തുടങ്ങിയതു മുതല്‍ ഉണ്ടായിരുന്ന ഉയര്‍ന്ന ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാനിരക്ക് 2008ലെ ലോക സാമ്പത്തിക കുഴപ്പത്തിന്റെ പരിണിതഫലമായി കുത്തനെ ഇടിഞ്ഞതിനെ ആസ്പദമാക്കിയാണ് ഇത്തരം വിദഗ്ധ അഭിപ്രായങ്ങളെല്ലാം രൂപകല്‍പന ചെയ്യപ്പെട്ടത്. 2008ല്‍ 14.2 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കില്‍ നിന്ന് 2010 ആയപ്പോഴേക്കും 10.4 ശതമാനത്തിലേക്കും പിന്നീട് ക്രമാനുഗതം 7.5 ശതമാനത്തിലേക്കും 6.4 ശതമാനത്തിലേക്കും കുത്തനെ ഇടിഞ്ഞുതുടങ്ങിയതോടെ മറ്റേതൊരു എമര്‍ജിങ് ഇക്കണോമിയെയും പോലെ ചൈനയും മുരടിപ്പില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്ന വിശകലനങ്ങള്‍ ലോകമാസകലം പ്രചരിപ്പിക്കപ്പെടുകയുണ്ടായി.
ഷി ജിന്‍പെങ് പാര്‍ട്ടിനേതൃത്വത്തിലും ഭരണനേതൃത്തിലും എത്തിച്ചേര്‍ന്ന കാലം മുതല്‍ തന്നെ ഈ പ്രചാരണങ്ങള്‍ ശക്തിപ്പെട്ടുതുടങ്ങിയിരുന്നു. ഹു ജിന്റാവോയില്‍ നിന്നും ജിയാങ് സെമിനില്‍ നിന്നും വ്യത്യസ്തമായ പാശ്ചാത്യ ലിബറല്‍ സാമ്പത്തിക സമീപനങ്ങളോട് ഒട്ടും വിധേയത്വമോ ആഭിമുഖ്യമോ പ്രകടിപ്പിക്കാത്ത നേതാവാണ് ഷി ജിന്‍പെങ് എന്നത് ഒരുപക്ഷേ ഇത്തരം പ്രചാരണങ്ങള്‍ക്കു പ്രേരകശക്തിയായി മാറിയിട്ടുണ്ടാവണം. പ്രധാനമായും നാലു തരത്തിലുള്ള സാമ്പത്തിക യുക്തികളാണ് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും തുറന്നുകാട്ടുകയെന്ന ഉദ്ദേശ്യത്തോടെ അമേരിക്കന്‍ ഭരണകൂടവും അതിന്റെ ആശ്രിത ആസ്ഥാന സാമ്പത്തിക വിദഗ്ധരും 2012 മുതല്‍ മുന്നോട്ടുവച്ചത്.
ഒന്ന്: ചൈനയുടെ ഘനവ്യവസായ രംഗം അതിന്റെ അമിതോല്‍പാദനശേഷി കാരണം പ്രതിസന്ധിയിലാണ്. ഇരുമ്പ്, ഉരുക്ക്, സിമന്റ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കു റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കാരണം കനത്ത വിലയിടിവിനെ അഭിമുഖീകരിക്കേണ്ടിവന്നു. ഇതിന്റെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്തികള്‍ വിറ്റഴിക്കേണ്ടിവരും.
രണ്ട്: സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനങ്ങള്‍ക്കു വിതരണം ചെയ്ത വായ്പകള്‍ തിരിച്ചടയ്ക്കാത്തതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട ആഭ്യന്തര കടക്കെണി, ബാങ്കിങ് മേഖലയില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കു സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കും.
മൂന്ന്: 'മധ്യവരുമാന കുരുക്കി'ല്‍ ചൈന അകപ്പെട്ടിരിക്കുന്നു. അതായത്, മറ്റു നവവികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്കു സംഭവിച്ച പോലെ ഉദാരവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ താഴ്ന്ന വരുമാനത്തില്‍ നിന്നു കുതിച്ചു മുന്നേറിയ സമ്പദ്‌വ്യവസ്ഥകള്‍ മധ്യവരുമാന വിതാനത്തിലായപ്പോള്‍ മുരടിച്ചുപോകുന്ന അവസ്ഥ ചൈനയെയും ഗ്രസിച്ചിരുന്നു.
നാല്: ഈ കുരുക്കില്‍ നിന്നു കരകയറണമെങ്കില്‍ സാമ്പത്തിക മേഖലയിലെ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ ത്വരിതപ്പെടുത്തിയാല്‍ മാത്രം മതിയാവില്ല; ചൈനീസ് സമൂഹത്തില്‍ അനുദിനമെന്നോണം ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്ന നവമധ്യവര്‍ഗ സമൂഹത്തിന്റെ ജനാധിപത്യ അഭിലാഷങ്ങള്‍ക്കും ചെവികൊടുക്കേണ്ടിവരും. ഇങ്ങനെ സാമ്പത്തികവും രാഷ്ട്രീയവുമായ ഉദാരവല്‍ക്കരണത്തിലൂടെയല്ലാതെ ചൈനയ്ക്ക് ഇനി ഒരടി മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ് വന്നുചേര്‍ന്നിരിക്കുന്നത്.
ഇത്തരമൊരു പരിപ്രേക്ഷ്യത്തിന്റെ അകമ്പടിയോടെയാണ് ഐഎംഎഫും ലോകബാങ്കും വിദേശത്തും ചൈനയിലുമുള്ള കുത്തകകളുമെല്ലാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം കോണ്‍ഗ്രസ്സില്‍ പ്രതീക്ഷ അര്‍പ്പിച്ചത്. മുതലാളിത്ത ഉദാരവത്കരണത്തിന്റെ വീക്ഷണകോണില്‍ നിന്നു നോക്കുമ്പോള്‍ ചൈനയുടെ സത്വര സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തോതിലുള്ള ഉദാരവത്കരണ ശക്തികളെ കെട്ടഴിച്ചുവിടേണ്ടത് അത്യന്താപേക്ഷിതമാണ്.
ആഭ്യന്തര-വിദേശ സംരംഭകര്‍ക്കിടയിലെ വിപണിമല്‍സരവും ബിസിനസ് മേഖലയുടെ നിരന്തര നവീകരണവും സ്വകാര്യവത്കരണത്തിന്റെ അതിവേഗത്തിലുള്ള വ്യാപനവും പൊതുമേഖലയുടെ വിറ്റഴിക്കലും വിദേശ വായ്പാ മൂലധനത്തിന്റെ കുത്തൊഴുക്കുമില്ലാതെ വികസ്വര സമ്പദ്‌വ്യവസ്ഥകളില്‍ ഇടവിട്ട് ഉണ്ടാവുന്ന മുരടിപ്പിനെ മറികടക്കാനാവില്ല എന്നാണ് സാമ്പത്തിക ഉദാരവത്കരണത്തിന്റെ സൈദ്ധാന്തിക സമീപനം. ചൈനയുടെ 19ാം കോണ്‍ഗ്രസ്, സമ്പൂര്‍ണ ഉദാരവത്കരണത്തിലേക്കുള്ള ചുവടുവയ്പായിരിക്കുമെന്നു കരുതിയവരിലെല്ലാം അസംതൃപ്തിയുടെ ആഘാതം ഏല്‍പിച്ചുകൊണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയ പുരോഗതി ഷി ജിന്‍പെങ് അക്കമിട്ടുനിരത്തി. ചൈനയുടെ സംരക്ഷണവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടും ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ കനത്ത ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടും അമേരിക്കന്‍ പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപ് നടത്തുന്ന വെല്ലുവിളികളും ഭീഷണിയുമെല്ലാം അങ്കലാപ്പിന്റെ പ്രതിധ്വനിയായിട്ടാണ് മനസ്സിലാക്കേണ്ടത്.
ചൈനയുടെ കാര്‍ഷിക പുരോഗതി (600 മില്യന്‍ മെട്രിക് ടണ്‍ പ്രതിവര്‍ഷം), ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ കൈവരിച്ച നേട്ടങ്ങള്‍ (60 മില്യന്‍ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നു മുക്തരായി) എന്നിവയെല്ലാം സ്തുത്യര്‍ഹമാണ്. ദാരിദ്ര്യത്തിന്റെ പ്രതിശീര്‍ഷ നിരക്ക് 10.2 ശതമാനത്തില്‍ നിന്നും 4 ശതമാനത്തില്‍ താഴെയായി. ഗ്രാമങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള കുടിയേറ്റം വന്‍തോതില്‍ ഉയര്‍ന്നപ്പോള്‍ (800 മില്യനിലധികം പേര്‍) പ്രതിവര്‍ഷം 13 ദശലക്ഷത്തിലധികം തൊഴിലുകള്‍ നഗരങ്ങളില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മധ്യവരുമാന വിഭാഗങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവരുടെ ഉപഭോഗശേഷിയും വികസിച്ചുകൊണ്ടിരിക്കുന്നു. മധ്യവരുമാന കുരുക്കിലല്ല, മധ്യവരുമാന സമ്പദ്‌വ്യവസ്ഥയില്‍ നിന്നും ഉയര്‍ന്ന വരുമാന സമ്പദ്‌വ്യവസ്ഥയായി ചൈന വളര്‍ച്ച പ്രാപിച്ചിരിക്കുന്നുവെന്നാണ് ഷി ജിന്‍പെങിന്റെ റിപോര്‍ട്ട് അടിവരയിട്ടു വ്യക്തമാക്കുന്നത്. റിപോര്‍ട്ടിന്റെ ആദ്യ ഖണ്ഡികയില്‍ സൂചിപ്പിച്ചതുപോലെ ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസത്തിന്റെ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഭേദപ്പെട്ട സമ്പദ്‌സമൃദ്ധിയുള്ള രാഷ്ട്രനിര്‍മാണത്തില്‍ നിര്‍ണായക വിജയം കൈവരിക്കാനും ദേശീയമായി ചൈതന്യം ആര്‍ജിച്ച രാഷ്ട്രമാവുക എന്ന ചൈനീസ് സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി അശ്രാന്ത പരിശ്രമം നടത്താനും ദൃഢചിത്തരാവുക എന്ന ദൗത്യമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും ഏറ്റെടുത്തിട്ടുള്ളത്.
ഈ ദൗത്യനിര്‍മാണത്തിന്റെയും ലക്ഷ്യസാക്ഷാത്കാരത്തിന്റെയും കര്‍മവീഥിയില്‍ ചൈനയുടെ വികസന മാര്‍ഗം മുതലാളിത്ത-ഉദാരവത്കരണ പരിപാടികളില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് എന്നതാണ് ചൈനയെ സംബന്ധിച്ചുള്ള വിശകലനങ്ങളിലെ കാതലായ വശം. യഥാര്‍ഥത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടന്നുവരുന്ന ആശയസമരവും വിഭാഗീയതയുമെല്ലാം സാമ്പത്തിക ഉദാരവത്കരണത്തെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് നടന്നുവരുന്നത്.
1990കളില്‍ ദെങ് സിയാവോ പിങിന്റെ മുദ്രാവാക്യം 'ഇടത്തോട്ട് സിഗ്നല്‍ കൊടുത്ത് വലത്തോട്ടു തിരിയുക' എന്നതായിരുന്നു. ഷി ജിന്‍പെങിന്റെ പരിഷ്‌കരണ നടപടികളും സമ്പദ്‌വ്യവസ്ഥയുടെ തുറന്നിടലും ദെങ് സിയാവോ പിങിന്റെ ഈ മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയാണോ അതോ ഷി ജിന്‍പെങിനു സ്വന്തമായ സൈദ്ധാന്തിക പരികല്‍പനകള്‍ ആവിഷ്‌കരിക്കാന്‍ സാധ്യമായിട്ടുണ്ടോ? ഉണ്ടെന്നു വേണം അനുമാനിക്കാന്‍. മാവോ സെ തുങിനും ദെങ് സിയാവോ പിങിനും ശേഷം ചൈനീസ് ഭരണഘടനയില്‍ പ്രത്യയശാസ്ത്ര സംഭാവനയുടെ പേരില്‍ ഇടം പിടിക്കുന്ന ആദ്യത്തെ ചൈനീസ് നേതാവാണ് ഷി ജിന്‍പെങ്. അതാവട്ടെ, ദെങ് സിയാവോ പിങിനേക്കാള്‍ ഉയരത്തിലും മാവോ സെ തുങിനൊപ്പവുമാണ്. അതായത്, ഭരണഘടനയില്‍ മാര്‍ക്‌സിസം-ലെനിനിസം-മാവോ ചിന്ത-ദെങ് സിദ്ധാന്തം-ഷി ജിന്‍പെങ് ചിന്ത എന്ന തരത്തിലാണ് അതു ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
എന്താണ് ഷി ജിന്‍പെങിന്റെ പുതിയ ചിന്തയെന്ന് പരിശോധിക്കുന്നതിനു മുമ്പ് ഷി ജിന്‍പെങിന്റെ അഞ്ചു വര്‍ഷത്തെ പരിഷ്‌കരണങ്ങളുടെയും തുടര്‍ന്നുള്ള അഞ്ചു വര്‍ഷത്തേക്കുള്ള പരിപാടികളുടെയും ഘടനാപരമായ അടിത്തറ എന്താണെന്ന് അപഗ്രഥിക്കേണ്ടതുണ്ട്. അതായത്, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്ത് ഭരണകൂടവും പാര്‍ട്ടിയും കൈവരിച്ച നേട്ടങ്ങളുടെ സാമ്പത്തിക അടിത്തറ എന്തായിരുന്നുവെന്നും അവ എങ്ങനെയാണ് പ്രവര്‍ത്തനസജ്ജമായതെന്നും പരിശോധിച്ചുകൊണ്ടു മാത്രമേ ഷി ജിന്‍പെങിന്റെ ചിന്തയെ മനസ്സിലാക്കാനും അതിന്റെ വര്‍ഗസ്വഭാവം വിലയിരുത്താനും സാധിക്കുകയുള്ളൂ. ചൈനീസ് സോഷ്യലിസം അഥവാ സോഷ്യലിസത്തിന്റെ ചൈനീസ് സ്വഭാവം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താപദ്ധതിക്ക് അനുസൃതമാണോ അല്ലേ എന്നു വിലയിരുത്തുന്നതില്‍ ഷി ജിന്‍പെങിന്റെ ചിന്തകള്‍ ഒരു മാനദണ്ഡമായി മാറിയിരിക്കുന്നുവെന്നു സാരം.
30 വര്‍ഷത്തെ സാമ്പത്തിക ഉദാരവത്കരണത്തിനുശേഷം (ചൈനീസ് പാര്‍ട്ടി അതിനെ ആധുനികവത്കരണം എന്നാണ് വിശേഷിപ്പിക്കുന്നത്.) ചൈനയുടെ സാമ്പത്തിക ഘടനയില്‍ ഉല്‍പാദന ഉപാധികളുടെ സ്റ്റേറ്റ് ഉടമസ്ഥതയും നിയന്ത്രണശേഷിയും എത്രത്തോളമുണ്ട് എന്നാണ് ആദ്യം പരിശോധിക്കേണ്ടത്. 1978ല്‍ ചൈനയുടെ എല്ലാ ഉല്‍പാദന ഉപാധികളും ആസ്തികളും സര്‍ക്കാരിന്റെയോ ഗ്രാമീണ കാര്‍ഷിക സംഘങ്ങളുടെയോ ഉടമസ്ഥതയിലായിരുന്നു. പില്‍ക്കാലത്ത് ക്രമാനുഗതമായി സംഭവിച്ച സ്വകാര്യവത്കരണത്തിന്റെ വളര്‍ച്ചയോടെ ചരക്കുല്‍പാദന മേഖലയുടെ ഉടമസ്ഥാവകാശത്തില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടായി. ഇന്നത് വന്‍തോതില്‍ സ്വകാര്യവത്കരിക്കപ്പെട്ടതിന്റെ ഫലമായിട്ടാണ് ചൈനയ്ക്ക് വന്‍ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിച്ചതെന്നത് യാഥാര്‍ഥ്യമാണ്.
സ്വകാര്യ-വിദേശ നിക്ഷേപങ്ങള്‍ സാമ്പത്തിക ഉത്തേജന ഉപാധികള്‍ എന്ന നിലയില്‍ അനുവദിക്കപ്പെട്ടതോടെ വ്യാവസായിക മേഖലയില്‍ 90കളുടെ അവസാനം സര്‍ക്കാരിന്റെ പങ്ക് താരതമ്യേന കുറഞ്ഞുവന്നു. നഷ്ടത്തിലോടുന്നതും ഉല്‍പാദന മികവു പുലര്‍ത്താത്തവയും അടച്ചുപൂട്ടുകയോ വിറ്റഴിക്കുകയോ ചെയ്തു. ഇതിന്റെയെല്ലാം പരിണിതഫലമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചെറുകിട സ്ഥാപനങ്ങളിലും കുടുംബസംരംഭങ്ങളിലുമെല്ലാം ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 12 ശതമാനമായി ചുരുങ്ങി.
ചൈനയുടെ മുതലാളിത്തവത്കരണം പൂര്‍ണമായെന്ന് വിദഗ്ധരും മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകളും വിലയിരുത്തിയ പ്രക്രിയയുടെ അടിസ്ഥാന സ്വഭാവം ഇതായിരുന്നു. ഇതില്‍ ഇടത്തോട്ടുള്ള സിഗ്്‌നല്‍ ഇല്ല, വലത്തോട്ടുള്ള വളയല്‍ മാത്രമേയുള്ളൂവെന്ന വിമര്‍ശനങ്ങള്‍ അന്നു പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗം ഉന്നയിച്ചുവന്നിരുന്നു.                             ി

(കടപ്പാട്: ജനശക്തി, 2018 ഏപ്രില്‍ 16)
Next Story

RELATED STORIES

Share it