World

ചൈനയില്‍ പള്ളി തകര്‍ക്കാന്‍ ശ്രമം; പ്രതിഷേധത്തില്‍ അമ്പരന്ന് അധികൃതര്‍

ബെയ്ജിങ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തുടരുന്ന മതവിരുദ്ധ നടപടികള്‍ക്കെതിരേ ഇസ്‌ലാം മതവിശ്വാസികള്‍ സംഘടിച്ചതില്‍ അമ്പരന്ന് ചൈനീസ് അധികൃതര്‍. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ വെയിഷു പട്ടണത്തിലുള്ള ഗ്രാന്‍ഡ് മോസ്‌ക് തകര്‍ക്കാനുള്ള നീക്കമാണ്ഭരണകൂടത്തിനെതിരേ തെരുവില്‍ ഇറങ്ങാന്‍ ന്യൂനപക്ഷമായ ഹൂയി മുസ്‌ലിംകളെ പ്രകോപിപ്പിച്ചത്.
വൈഗൂര്‍ മുസ്‌ലിം മേഖലയില്‍ മതപഠനത്തിനും 16 വയസ്സില്‍ താഴെയുള്ളവര്‍ മതം പഠിക്കുന്നതിനും അധികൃതര്‍ നേരത്തേ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇസ്‌ലാം മതവിശ്വാസികളാണെങ്കിലും പല ചൈനീസ് ആചാരങ്ങളും പിന്തുടരുന്ന ഹുയി മുസ്‌ലിംകളുടെ പ്രധാന ആരാധനാലയമായ ഗ്രാന്‍ഡ് മോസ്‌ക് തകര്‍ക്കാനുള്ള പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം അധികൃതരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് വന്‍ പ്രതിഷേധമായി മാറുകയായിരുന്നു. ഒടുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം തന്നെ വിഷയത്തില്‍ പ്രാദേശിക ഭരണകൂടത്തെ വിമര്‍ശിച്ച് രംഗത്തുവന്നു. വളരെ ലാഘവത്തോടെയാണ് പ്രാദേശിക ഭരണകൂടം പെരുമാറിയതെന്നും ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും പ്രാദേശിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുനൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബായി ഷാങ്‌ചെക് പറഞ്ഞു. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.
ചൈനയില്‍ ഇസ്‌ലാം മതകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഭരണകൂടമാണ്. പള്ളികളില്‍ ഇമാമുമാരെ നിയമിക്കുന്നതിന് ഭരണകൂടത്തിന്റെ ലൈസന്‍സ് ആവശ്യമാണ്. വൈഗൂര്‍ മുസ്‌ലിം മേഖലയില്‍ ഇത്തരത്തിലുള്ള നിരവധി നടപടികള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രതിഷേധമാണ് ഹുയി മുസ്‌ലിംകളില്‍ നിന്നു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു നേരിടേണ്ടിവന്നത്.

Next Story

RELATED STORIES

Share it