World

ചൈനയില്‍ തേയിലക്കച്ചവടം വ്യാപിപ്പിക്കാന്‍ ഇന്ത്യ

ബെയ്ജിങ്: ചായക്ക് ചൈനീസ് മാര്‍ക്കറ്റില്‍ ആവശ്യക്കാരേറുന്ന സാഹചര്യത്തില്‍ ചൈനയില്‍ തേയില ക്കച്ചവടം വ്യാപിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു. തേയില വ്യാപാരം പരസ്പരം പ്രോല്‍സാഹിപ്പിക്കാന്‍ ചൈനയും ഇന്ത്യയും സംയുക്തമായി പ്രചാരണം നടത്തിയിരുന്നു.
ചൈനക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് ഗ്രീന്‍ ടീ ആണെങ്കിലും ചൈനയില്‍ കട്ടന്‍ ചായക്കും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ 23മുതല്‍ 25വരെയുള്ള ദിവസങ്ങളില്‍ ഇതിന്റെ ഭാഗമായി ടി ബോര്‍ഡ് ഓഫ് ഇന്ത്യയും ചൈന ടീ മാര്‍ക്കറ്റിങ് അസോസിയേഷനും ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ തേയിലയുടെ പ്രമോഷന്‍ നടത്തിയത്. ചടങ്ങില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള തേയില കച്ചവടക്കാരും പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് ടീ ബോര്‍ഡ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ചെയര്‍മാന്‍ അനില്‍ കുമാര്‍ റേയാണ് പങ്കെടുത്തത്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 90ലക്ഷം ടണ്‍ തേയിലയാണ്. ഇതില്‍ 30 ശതമാനം ചൈനയാണ് ഇറക്കുമതി ചെയ്തത്.
പുരാതനകാലത്ത് ഇന്ത്യയില്‍ നിന്ന് യുനാന്‍ പ്രവിശ്യവഴി ചൈനയിലേക്ക് തേയില വ്യാപാരം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രീന്‍ ടീ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന രാജ്യമാണ് ചൈന. ഒരുവര്‍ഷം 2,550 ദശലക്ഷം കിലോഗ്രാമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യ ഒരു വര്‍ഷം 1278 മില്യണ്‍ കിലോഗ്രാം തേയിലയാണ് ഉല്‍പാദിപ്പിക്കുന്നത്. ചൈനയിലേക്ക് തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനമാണ് ഇന്ത്യക്ക്. ചൈനയില്‍ കട്ടന്‍ചായക്ക് യുവാക്കളുടെ ഇടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുപോലെ ഇന്ത്യക്കാര്‍ക്കിടയില്‍ ഗ്രീന്‍ ടീക്കും ആവശ്യക്കാരേറുകയാണ്. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും സംയുക്തമായി പദ്ധതി തയ്യാറാക്കുന്നത്.



Next Story

RELATED STORIES

Share it