ചൈനയില്‍ ഗാര്‍ഹികപീഡനം തടയുന്നതിനു പുതിയ നിയമം

ബെയ്ജിങ്: ദശാബ്ദങ്ങളുടെ മുറവിളികള്‍ക്കൊടുവില്‍ ഗാര്‍ഹിക പീഡനം തടയുന്നതിനുള്ള നിയമം ചൈന പാസാക്കി. സ്വവര്‍ഗാനുരാഗികളെ നിയമപരിരക്ഷയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടാണ് നിയമം പ്രാബല്യത്തില്‍ വന്നത്. വിവാഹിതരാവാതെ ഒരുമിച്ചുകഴിയുന്ന ദമ്പതികള്‍ക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കും. നിയമപ്രകാരം വിവിധ തരത്തിലുള്ള മാനസിക, ശാരീരിക പീഡനങ്ങളും വിവിധ ഗാര്‍ഹിക പീഡനങ്ങളും ശിക്ഷാപരിധിയില്‍ പെടും.
ഗാര്‍ഹിക പീഡനത്തില്‍ നിന്നു പരിരക്ഷ ഉറപ്പുവരുത്തുന്ന പ്രത്യേക നിയമം ഇതുവരെ ചൈനയില്‍ പ്രാബല്യത്തിലെത്തിയിട്ടില്ലായിരുന്നു. പാരമ്പര്യ ചൈനീസ് സംസ്‌കാരത്തെ പിന്‍പറ്റി കുടുംബങ്ങളിലെ പീഡനം അവഗണിക്കുകയായിരുന്നു പതിവ്. നാലിലൊരുഭാഗം സ്ത്രീകളും ചൈനയില്‍ വിവാഹശേഷം പീഡനത്തിനിരയാവുന്നതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുവെങ്കിലും 40,000 മുതല്‍ 50,000വരെ പരാതികളേ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്നുള്ളൂവെന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടകമായ വനിതാ ഫെഡറേഷന്‍ വ്യക്തമാക്കുന്നു.
റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 90 ശതമാനവും ഭര്‍ത്താവില്‍നിന്നു അതിക്രമങ്ങള്‍ നേരിടുന്ന യുവതികളുടേതാണ്. അതേസമയം, സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമല്ലാത്ത ചൈനയില്‍ സ്വവര്‍ഗ ഇണകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങളില്ല. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കാത്തതാണ് കാരണം.
Next Story

RELATED STORIES

Share it