Second edit

ചൈനയില്‍ ആമിര്‍ഖാന്‍ ജ്വരം

അമ്പതുകളില്‍ റഷ്യയിലെന്നതുപോലെ തന്നെ ചൈനയിലും യുവജനങ്ങള്‍ക്കിടയില്‍ രാജ്കപൂര്‍ എന്ന ഷോമാന്‍ ഉണ്ടാക്കിയതുപോലുള്ള ഒരു തരംഗമാണ് ഇപ്പോള്‍ ചൈനയില്‍ ആമിര്‍ഖാന്‍ സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ 'സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍' എന്ന പുതിയ ചിത്രം ഒരൊറ്റ ആഴ്ചകൊണ്ട് ബോക്‌സ് ഓഫിസില്‍ 46 മില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്! ജെയിംസ് കമറൂണിന്റെ 'അവതാറി'നേക്കാള്‍ വലിയ കൊയ്ത്താണിത്. റേറ്റിങ്ങിലാണെങ്കില്‍ പത്തില്‍ എട്ടാംസ്ഥാനത്ത് അത് എത്തിനില്‍ക്കുന്നു.ചൈനയില്‍ ആദ്യം ശ്രദ്ധിക്കപ്പെട്ട ആമിര്‍ഖാന്‍ ചിത്രം ലഗാന്‍ തന്നെ. ബ്രിട്ടിഷ് കൊളോണിയലിസ്റ്റുകളെ ക്രിക്കറ്റില്‍ തോല്‍പിക്കുന്ന ഇന്ത്യന്‍ ഗ്രാമീണരുടെ കഥ അവരെ ആകര്‍ഷിച്ചതില്‍ അതിശയമില്ല. 'ത്രീ ഇഡിയറ്റ്‌സ്' എന്ന ചിത്രമാവട്ടെ, രക്ഷിതാക്കളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാന്‍ നിര്‍ബന്ധിതരാവുന്ന ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് ആവേശമായി. ഗുസ്തിക്കാരന്റെ കഥ പറയുന്ന ദംഗലും അവര്‍ക്ക് അപരിചിതമായ ഇന്ത്യന്‍ജീവിതം കാട്ടിക്കൊടുത്തു.ഒരു ഗായികയെന്ന നിലയിലുള്ള പ്രശസ്തി സ്വപ്‌നംകാണുന്ന മുസ്‌ലിം പെണ്‍കുട്ടിയുടെ ജീവിതവും പ്രതികൂലസാഹചര്യത്തോടുള്ള പോരാട്ടവുമാണ് സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ കേന്ദ്രബിന്ദു. അതും അസാധാരണമായി അവര്‍ക്ക് തോന്നുന്നുണ്ടാവും. എന്തായിരുന്നാലും 'ആമിറങ്കിള്‍' ചൈനയിലെ യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഹരമായിക്കഴിഞ്ഞു. അതുകൊണ്ടാവും രണ്ടു രാജ്യങ്ങളെയും ബന്ധപ്പെടുത്തിയുള്ള ഒരു ചിത്രം തന്റെ മനസ്സിലുണ്ടെന്ന് അദ്ദേഹം പറഞ്ഞത്.
Next Story

RELATED STORIES

Share it