kozhikode local

ചേവായൂരിലെ ചര്‍മരോഗാശുപത്രി വിദഗ്ധ ചികില്‍സാ കേന്ദ്രമാവുന്നു

കോഴിക്കോട്: ചേവായൂരിലെ ചര്‍മ രോഗാശുപത്രി സംസ്ഥാനത്തെ വിദഗ്ധ ചികില്‍സാ കേന്ദ്രമാകുന്നു. ത്വക്ക് രോഗവുമായി ബന്ധപ്പെട്ട് വിദഗ്ധ ചികില്‍സയാണ് ഇപ്പോള്‍ ഇവിടെ നിന്ന് ലഭിക്കുന്നത്. ത്വക് രോഗ ഇന്‍സ്റ്റിറ്റിയൂട്ടാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ത്വക് രോഗം, വെനറോളജി(ലൈംഗിക രോഗങ്ങള്‍), ലെപ്രോളജി എന്നീ വിഭാഗങ്ങള്‍ ചേര്‍ത്ത് വിപുലമായ രീതിയില്‍ പദ്ധതി തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.ഇതുമായിബന്ധപ്പെട്ട് 2012 ല്‍ ആണ് ആദ്യം പദ്ധതി സമര്‍പ്പിച്ചത്. പിന്നീട് പല തവണയായി സര്‍ക്കാറില്‍ നിന്ന് വിവിധ കാര്യങ്ങള്‍ അന്വേഷിക്കുകയും അതുമായി ബന്ധപ്പെട്ട് യഥാസമയം വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് എല്ലാകാര്യങ്ങളും ഉള്‍പ്പെടുത്തി പ്രൊജക്ട് സഹിതം റിപോര്‍ട്ട് നല്‍കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പില്‍ നിന്നുണ്ടായത്. ഇന്‍സ്റ്റിറ്റിയൂട്ട് ആയി ഉയര്‍ത്തുന്നതിനാവശ്യമായ സ്ഥലസൗകര്യമുള്ള ഒരു കാംപസാണ് ചര്‍മ രോഗാശുപത്രിയുടേത്. 1903 ല്‍ സ്ഥാപിച്ചതാണിത്. ലെപ്രസി ആശുപത്രിയായിരുന്നു ഇത് 2014ല്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ചര്‍മരോഗാശുപത്രിയാക്കി മാറ്റിയത്. ചര്‍മരോഗ ഇന്‍സിറ്റിറ്റിയൂട്ട് ആകുന്നതോടെ ആരോഗ്യരംഗത്ത് മലബാറിലെ ഏഴ് ജില്ലകളിലെ രോഗികള്‍ക്ക് മുതല്‍കൂട്ടാവുന്ന സ്ഥാപനമാക്കി ഇതിനെ മാറ്റാന്‍ കഴിയും. ഇവിടെ സോറിയാസിസിനും വെള്ളപ്പാണ്ടിനും ഹോള്‍ബോഡി ഫോട്ടോ തെറാപ്പി ചികില്‍സ തുടങ്ങിയിട്ടുണ്ട്.പൂവ, നാരോ സാന്‍ഡ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് ചികില്‍സ. സോറിയാസിസ്, വെള്ളപ്പാണ്ട് എന്നിവ 20 ശതമാനത്തില്‍ കൂടുതലുള്ളവര്‍ക്കാണ് ഫോട്ടോതെറാപ്പി ചികില്‍സ നല്‍കുക. രോഗികളുടെ എണ്ണത്തിനു അനുസരിച്ച് ആഴ്ചയില്‍ രണ്ടു ദിവസം എന്ന തരത്തിലാണ് ഇതു ക്രമീകരിച്ചത്.രോഗികള്‍ ആശുപത്രിയിലെ ഒപിയിലാണ് ചികില്‍സ തേടേണ്ടത്. ആഴ്ചയില്‍ ആറു ദിവസം ഒപി പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു ചര്‍മരോഗ വിദഗ്ധരുടെ സേവനം ഇവിടെ ലഭ്യമാണ്. മലബാറിലെ ത്വക്ക് രോഗികള്‍ക്ക് അധികമാള്‍ക്കും ഇവിടത്തെ ചികില്‍സയെക്കുറിച്ച് അറിവില്ല. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന ചികില്‍സ ഇവിടെ തീര്‍ത്തും സൗജന്യമാണ്. ആഴ്ചയില്‍ 1200പേര്‍ ഇവിടെ ചികില്‍സയ്‌ക്കെത്തുന്നുണ്ട്.
Next Story

RELATED STORIES

Share it