malappuram local

ചേളാരി ഐഒസിക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയത് മതിയായ രേഖകളില്ലാതെയെന്ന്

തേഞ്ഞിപ്പലം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റിനെതിരേ ജനരോഷം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ യോഗതീരുമാനമനുസരിച്ചുള്ള സബ് കമ്മിറ്റിയുടെ പരിശോധനയില്‍ ഐഒസി പ്ലാന്റ് പഞ്ചായത്ത് ലൈസന്‍സ് നേടിയെടുത്തത് മതിയായ രേഖകളില്ലാതെയാണെന്നു കണ്ടെത്തി.
ഐഒസിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ സബ്കമ്മിറ്റി വിശദമായി പരിശോധിക്കുകയും പരിശോധനയില്‍ ലൈസന്‍സ് ലഭിക്കുന്നതിലേക്ക് മതിയായ രേഖകളോ കൃത്യമായ വിവരങ്ങളോ ഐഒസി സമര്‍പ്പിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുകയും ചെയ്തതായി സബ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, പിഇഎസ്എസ്ഒ, ചീഫ് എക്‌സ്‌പ്ലോസീവ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങള്‍, ഫയര്‍ എന്‍ഒസി, സംഭരണ ശേഷിയുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ സമര്‍പ്പിച്ചിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആയതിനാല്‍ ഐഒസി പ്ലാന്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഭരണസമിതിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചേളാരി ഐഒസിയിലെ അനധികൃത മൗണ്ടൈന്‍ സ്‌റ്റോറേജ് നിര്‍മാണവുമായി സംബന്ധിച്ച് അഴിമതി സിബിഐ കേസ് നിലവിലുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരുകയും ചെയ്ത സാഹചര്യത്തില്‍ വാര്‍ത്തയുടെയും കേസിന്റെയും നിജസ്ഥിതി അറിയുന്നതിന് സിബിഐ കൊച്ചി യൂനിറ്റിന് കത്തുനല്‍കുന്നതിനും യോഗം തീരുമാനിച്ചു. പഞ്ചായത്തംഗങ്ങളായ സവാദ് കള്ളിയില്‍, എ പി സലീം, മുഹമ്മദ് കാട്ടുകുഴി, കെ ഇ ഉണ്ണിക്കമ്മു, കെ മുഹമ്മദ് ബഷീര്‍ എന്നിവരാണ് സബ് കമ്മിറ്റിയംഗങ്ങള്‍.

Next Story

RELATED STORIES

Share it