kozhikode local

ചേളന്നൂരിന് ഓവറോള്‍ ചാംപ്യന്‍പട്ടം നല്‍കിയത് ക്രമവിരുദ്ധമെന്ന് ജില്ലാ കേരളോല്‍സവം: ഫലത്തെ ചൊല്ലി വിവാദം

കോഴിക്കോട്: ജില്ലാതല കേരളോല്‍സവത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ വിജയികളായി പ്രഖ്യാപിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം. 363 പോയന്റ് കരസ്തമാക്കിയ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനെ ഒഴിവാക്കി  351പോയന്റ്മാത്രമുള്ള ചേളന്നൂരിന് ഓവറോള്‍ ചാമ്പ്യന്‍പട്ടം നല്‍കിയത് ക്രമവിരുദ്ധമാണെന്ന പരാതി ഉയര്‍ന്നു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന വികസനോല്‍സവം പരിപാടിയില്‍ മന്ത്രി ടി പി രാമകൃഷ്ണനാണ് ചേളന്നൂര്‍ ബ്ലോക്കിന് കേരളോല്‍സവ പുരസ്‌കാരം നല്‍കിയത്. പോയന്റ്—നില പുനപ്പരിശോധിച്ച് കുന്ദമംഗലത്തിന് അര്‍ഹമായ ഓവറോള്‍ ട്രോഫി തിരിച്ചുനല്‍കണമെന്ന് പ്രസിഡന്റ് രമ്യ ഹരിദാസ് അധികൃതരോട് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ഭരണത്തിലുള്ള ചേളന്നൂര്‍ ബ്ലോക്കിനെ വിജയികളാക്കാനായി അധികൃതര്‍ പോയന്റ് കണക്കില്‍ കൃത്രിമത്വം സൃഷ്ടിച്ചതാണെന്ന് യുഡിഎഫ് ആരോപിച്ചു. കായിക മല്‍സരങ്ങളില്‍ നിന്നായി 166 പോയന്റും കലാമല്‍സരത്തില്‍ 187പോയന്റുമാണ് കുന്ദമംലഗം നേടിയത്. ഇതുപ്രകാരം ജില്ലാ പഞ്ചായത്ത് നല്‍കിയ മാര്‍ക്ക് ഷീറ്റ് പ്രകാരം 351പോയന്റാണ് കുന്ദമംഗലത്തിനുണ്ടായിരുന്നത്. പെണ്‍കുട്ടികളുടെ റിലേ മല്‍സരത്തിന്റെ ഫലംകൂടി ഉള്‍പ്പെടുത്തിയാല്‍ 363പോയന്റിലേക്ക് വര്‍ധിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു. യുഡിഎഫ് ഭരണത്തിലുള്ള കുന്ദമംഗലം ബ്ലോക്ക് അധികൃതര്‍ സംഘാടകരെ  സമീപിച്ചപ്പോള്‍ മാര്‍ക്കില്‍ പിശക് പറ്റിയതാണെന്ന നിസാരകാരണമാണ് ചൂണ്ടിക്കാട്ടിയത്.  അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് കുന്ദമംഗലം ബ്ലോക്ക് അധികൃതര്‍ പറഞ്ഞു. കേരളോല്‍സവ കലാ-കായിക മത്സരത്തിന്റെ തുടക്കം മുതല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അധികൃതരുടെ തെറ്റായ തീരുമാനം സംഘര്‍ഷത്തിലേക്കും നീങ്ങിയിരുന്നു.
Next Story

RELATED STORIES

Share it