malappuram local

ചേലേമ്പ്ര ജലനിധി: പൈപ്പ് ലൈന്‍ പ്രവൃത്തി അന്തിമഘട്ടത്തില്‍

തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ ജലനിധിക്കുള്ള പൈപ്പ് ലൈന്‍ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. കുടിവെള്ളത്തിനായി വര്‍ഷങ്ങളായി പണം അടച്ച് കാത്തിരുന്നിട്ടും വെള്ളം ലഭിക്കാത്തത് പഞ്ചായത്തിനെതിരേ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലേക്ക് മാത്രം ജലനിധിയില്‍ നിന്നും വെള്ളം നല്‍കുന്നതായ ആരോപണവും ഉയര്‍ന്നു.
ആരോപണത്തെ തുടര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് പാറയിലും ചില ഗ്രാമപ്പഞ്ചായത്തംഗങ്ങളും കിന്‍ഫ്രയിലെത്തി പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് ഭരണസമിതില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. കുടിവെള്ള വിതരണത്തിലെ ക്രമക്കേടിനെതിരേ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കിന്‍ഫ്രയിലും ജലനിധി ഓഫിസിലുമെത്തി.
പ്രതിഷേധം ജനകീയമായതോടെ ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് പാറയിലിന്റെ നേതൃത്വത്തില്‍ എസ്എല്‍ഇസി കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുകയും ചര്‍ച്ചയില്‍ എല്ലാ പ്രദേശങ്ങളിലേക്കും ഷെഡ്യൂള്‍ അടിസ്ഥാനത്തില്‍ വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അറിയിച്ചു.
എന്നാല്‍ ഈ സംവിധാനമനുസരിച്ച് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വെള്ളത്തിന്റെ പ്രഷര്‍ കൂട്ടുന്നതിനായി 150 എംഎം പൈപ്പുകള്‍ മാറ്റി 300 എംഎം പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തി നടക്കുന്നതായും അദ്ദേഹം അറിയിച്ചു. പഞ്ചായത്തിലെ 3008 കുടുംബങ്ങള്‍ക്കാണ് കിന്‍ഫ്രയില്‍ നിന്നും വെള്ളം നല്‍കാന്‍ പദ്ധതിയുള്ളത്. എന്നാല്‍ 1600 കുടുംബങ്ങള്‍ക്ക് മാത്രമാണു നിലവില്‍ ഭാഗികമായി വെള്ളം നല്‍കിയിരുന്നത്. ഇതാണ് ആരോപണത്തിന് വഴിയൊരുക്കിയത്. നിലവില്‍ കിന്‍ഫ്രയില്‍ നിന്നും നേരിട്ടാണ് ഗുണഭോക്താക്കള്‍ക്ക് വെള്ളം നല്‍കിവരുന്നത്. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് പാറയില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ ദാമോദരന്‍, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍ എന്നിവര്‍ കിന്‍ഫ്രയിലെത്തി പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തി. ഒരാഴ്ചക്കകം മുഴുവന്‍ കുടംബങ്ങള്‍ക്കും വെള്ളം നല്‍കാനാവുമെന്ന് കിന്‍ഫ്രയില്‍ നിന്നും അറയിച്ചതായി അസീസ് പാറയില്‍ പറഞ്ഞു.
ജലനിധിക്ക് വേണ്ടി ടാങ്ക് സ്ഥാപിക്കാന്‍ 12 സെന്റ് ഭൂമി കിന്‍ഫ്ര സൗജന്യമായി നല്‍കിയിട്ടുണ്ട്. ഇതില്‍ പുതിയ ടാങ്ക് സ്ഥാപിക്കാനുള്ള തയാറെടുപ്പും നടന്നു വരുന്നുണ്ട്.  ഇതിനായി കെആര്‍ഡിഎ 2.46 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി എസ്എല്‍ഇസിക്ക് കൈമാറുകയും റിപ്പോര്‍ട്ട് എസ്എല്‍ഇസി ജലനിധിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഫണ്ട് അനുവദിച്ചു കിട്ടുന്ന മുറക്ക് പ്രവര്‍ത്തി തുടങ്ങാനാണ് ഗ്രാമപ്പഞ്ചായത്തിന്റെ തീരുമാനം.
Next Story

RELATED STORIES

Share it