ചേറ്റുവയില്‍ നിന്നു പോയവര്‍ തിരിച്ചെത്തിയത് ആറ് നാളുകള്‍ക്കു ശേഷം

ചേറ്റുവ: ഹാര്‍ബറില്‍ നിന്നു പുറംകടലില്‍ മല്‍സ്യബന്ധനത്തിനു പോയ അമ്പാടിക്കണ്ണന്‍ ബോട്ടിലെ തൊഴിലാളികള്‍ തിരിച്ചെത്തിയത് ആറു നാളുകള്‍ക്കു ശേഷം. കഴിഞ്ഞ തിങ്കളാഴ്ച മീന്‍പിടിത്തത്തിനു പോയ ഇവര്‍ പ്രക്ഷുബ്ധമായ ഉള്‍ക്കടലില്‍ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് ആറുദിവസം പിടിച്ചുനിന്നത്. ചുഴലിക്കൊടുങ്കാറ്റിനെ കുറിച്ചുള്ള യാതൊരു വിവരവും ഇല്ലായിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമാണെന്നു തിരിച്ചറിഞ്ഞതാണ് അമ്പാടിക്കണ്ണന്‍ ബോട്ടിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് കരയിലെത്താന്‍ സഹായകരമായത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ജോണ്‍ വില്‍ഫ്രെഡ് ഉള്‍പ്പെടെയുള്ള ഒമ്പതു മല്‍സ്യത്തൊഴിലാളികള്‍ ഹാര്‍ബറില്‍ നിന്നു പുറപ്പെട്ടത്. ഭക്ഷണവും വെള്ളവും ആവശ്യത്തിനു ബോട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്ച തിരിച്ചുപുറപ്പെട്ട ബോട്ട് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ചേറ്റുവ അഴിമുഖത്തെത്തി. എന്നാല്‍, ശക്തമായ തിരമൂലം അഴിമുഖം കടക്കാന്‍ തൊഴിലാളികള്‍ക്കായില്ല. തുടര്‍ന്ന്, ഹാര്‍ബറിലെ തൊഴിലാളികളെയും ബോട്ടിന്റെ ഉടമ ചേറ്റുവ സ്വദേശി പ്രകാശനെയും ഇവര്‍ വിവരം അറിയിച്ചു. നേരംവെളുക്കും വരെ അഴിമുഖത്തിനു സമീപം നങ്കൂരമിട്ട് കിടക്കാനായിരുന്നു ഉടമയുടെ നിര്‍ദേശം. തുടര്‍ന്ന്, ഇന്നലെ രാവിലെ ഒമ്പതിനാണ് അമ്പാടിക്കണ്ണന്‍ ബോട്ടിലെ മല്‍സ്യത്തൊഴിലാളികള്‍ ഹാര്‍ബറില്‍ എത്തിയത്. കാണാതായ 55 തൊഴിലാളികളാണ് മൂന്നു ദിവസത്തിനുള്ളില്‍ ചേറ്റുവ ഹാര്‍ബറില്‍ തിരിച്ചെത്തുന്നത്.
Next Story

RELATED STORIES

Share it