thrissur local

ചേറ്റുവയില്‍ കടല്‍വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു

തൃപ്രയാര്‍: ചേറ്റുവ അഴിമുഖത്ത് കടല്‍വെള്ളം അടിച്ചുകയറിയതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മാറ്റിപാര്‍പ്പിച്ചു. നാലു വീടുകള്‍ വെള്ളക്കെട്ടിലായി. അഴിമുഖം മുതല്‍ നാട്ടിക ബീച്ച് ഉള്‍പ്പെടെയുള്ള പതിനഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വ്യാപകമായി തീരം കടല്‍ കവര്‍ന്നിരിക്കുകയാണ്. ചേറ്റുവ അഴിമുഖം മുതല്‍ നാട്ടിക ബീച്ച് വരെയുള്ള പ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായത്. അഴിമുഖത്തിന് തെക്കുഭാഗത്ത് കല്ലുങ്ങല്‍ ബാബുവിന്റെ കുടുംബമാണ് കടല്‍ക്ഷോഭത്തെതുടര്‍ന്ന് താമസം മാറ്റിയത്. കടലിന് അഭിമുഖമായുള്ള വീടിന് ചുറ്റും മണല്‍ക്കൂന ഉയര്‍ത്തിയെങ്കിലും ശക്തമായ തിരമാലകളെ പ്രതിരോധിക്കാനായില്ല. പന്നിപ്പുലത്ത് ഗംഗാധരന്‍, വിളക്കേഴത്ത് തൃപദീശന്‍, ചുള്ളിയില്‍ ബാലന്‍ എന്നിവരുടെ വീടുകള്‍ ഇതിനകം വെള്ളക്കെട്ടിലായി. പൊക്കുളങ്ങരയില്‍ കടല്‍ക്ഷോഭ ഭീതിയിലായ മൂന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചാവക്കാട് തഹസില്‍ദാര്‍ കെ പ്രേംചന്ദ് അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍, വാടാനപ്പള്ളി വില്ലേജ് ഓഫീസര്‍ കെ ശിവദാസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. അതേസമയം ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്ന തീരമേഖലയില്‍ റവന്യു വകുപ്പ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്ന് കാത്തിരിക്കുമ്പോഴും താമസം മാറാന്‍ ദുരിതബാധിതര്‍ തയ്യാറാകുന്നില്ല. കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ജനപ്രതിനിധികളും റവന്യു അധികൃതരും കടപ്പുറത്തെത്തി നാട്ടുകാരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. വില പിടിപ്പുള്ള വീട്ടുപകരണങ്ങളും വളര്‍ത്തുമൃഗങ്ങളും ഉപേക്ഷിച്ച് ക്യാംപിലേക്ക് പോകാന്‍ വീട്ടുകാര്‍ തയ്യാറായില്ല. നാട്ടുകാരുടെ നിര്‍ബന്ധത്തിന് മുന്നില്‍ അധികൃതര്‍ പിന്‍മാറി.
Next Story

RELATED STORIES

Share it