Alappuzha local

ചേര്‍ത്തല നഗരത്തില്‍ സുരക്ഷയ്ക്കായി ഇനി ആധുനിക കാമറാ സംവിധാനം

ചേര്‍ത്തല: നഗരത്തില്‍ രണ്ടിടങ്ങളിലായി സുരക്ഷയ്ക്ക് ഇനി മൂന്നാം കണ്ണ് തുറക്കും. റോഡപകടങ്ങളുടെയും നിയമ ലംഘരെയും കണ്ടുപിടിക്കാനായി രാപകല്‍ കണ്ണുതുറന്നിരിക്കുന്ന അത്യാധുനിക കാമറ യന്ത്ര സംവിധാനമായ റെഡ്ബട്ടണ്‍ അലര്‍ട്ട് റൊബോട്ടിക് സ്‌പെക്ട്രം എന്ന ആധുനിക ഉപകരണമാണ് ഇവിടെ സ്ഥാപിക്കുന്നത്.
കേരള പോലിസും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി ആദ്യശ്രമമെന്ന നിലയില്‍ രണ്ടെണ്ണമാണ് നഗരസഭയില്‍ എത്തിച്ചിരിക്കുന്നത്. രണ്ട് യന്ത്രങ്ങളും വൈകാതെ ചേര്‍ത്തല ദേവീക്ഷേത്രത്തിന് സമീപത്തും ദേശീയപാതയില്‍ എക്‌സ്‌റേ കവലയിലും സ്ഥാപിക്കും. പത്തടി ഉയരമുള്ള ഉപകരണം റൊബോട്ടിക് സംവിധാനത്തോടെ സാറ്റലൈറ്റുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന യന്ത്രം 360 ഡിഗ്രിയില്‍ 120 മീറ്റര്‍ അകലം വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തും.
ഹൈറെസല്യൂഷന്‍ കാമറയാണ് പ്രവര്‍ത്തിക്കുക. ഒരാഴ്ചത്തെ ഡേറ്റകള്‍ സ്വീകരിച്ച് വയ്ക്കാനാകും. വൈഫൈ സംവിധാനത്തിലൂടെ ദൃശ്യങ്ങള്‍ പോലിസ് കണ്‍ട്രോള്‍ റൂമിലും പെട്രോളിങ് വാഹനങ്ങളിലും എത്തിക്കും. കുറ്റകൃത്യങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ യന്ത്രസഹായം ഉറപ്പാക്കാം. രണ്ടുലക്ഷം രൂപയാണ് യന്ത്രത്തിന്റെ വില.
മധ്യത്തിലാണ് ചുവന്ന ബട്ടണ്‍. മുകളില്‍ ചുവപ്പും പച്ചയും നിറത്തിലെ വിളക്കുകളും അതിനും മുകളിലാണ് കാമറകള്‍. പച്ചവിളക്ക് പ്രകാശിച്ചാല്‍ യന്ത്രം പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പിക്കാം. ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പോലിസ് അധികാരികള്‍ക്ക് തല്‍സമയം കാണാം. അപകടങ്ങളോ, കുറ്റകൃത്യങ്ങളോ ഉണ്ടായാല്‍ പോലിസിന് സ്ഥലത്തെത്തി ഉടന്‍ നടപടികള്‍ സ്വീകരിക്കാനും.

Next Story

RELATED STORIES

Share it