Alappuzha local

ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് അപൂര്‍വ നേട്ടം: താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ഗര്‍ഭാശയവും മുഴകളും നീക്കം ചെയ്തു

ചേര്‍ത്തല: ദേശീയ അംഗികാരം ലഭിച്ച ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് ഒരു പൊന്‍തൂവല്‍. താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നാല്‍പ്പത്തൊന്‍പതുകാരിയുടെ ഗര്‍ഭാശയവും അതിനുള്ളിലെ മുഴകളും നീക്കം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം ശസ്ത്രക്രിയകള്‍ തീര്‍ത്തും അപൂര്‍വമാണത്രെ. ശസ്ത്രക്രിയക്ക് വേണ്ട ഉപകരണങ്ങള്‍ ആശുപത്രിയില്‍ ഇല്ലാതിരുന്നതിനാല്‍ പുറത്തുനിന്ന് വരുത്തിയായിരുന്നു ശസ്ത്രക്രിയ. രണ്ടര മണിക്കൂറോളം നീണ്ട സ്ത്രക്രിയ, ശനിയാഴ്ചയാണ് നടന്നത്. ആശുപത്രിയിലെ ഗൈനക്കോളജിസറ്റ് ഡോ. സീമ, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ രാജേന്ദ്രബാബു എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. നഴ്‌സുമാരായ അന്നമ്മ, അമ്പിളി, ആര്യ, പ്രസീത, നഴ്‌സിങ് അസിസ്റ്റന്റുമാരായ കൃഷ്ണദാസ്, വിനോദ്, രാജേഷ് എന്നിവര്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. വിജയകുമാര്‍ ഇവര്‍ക്ക് ആവശ്യമായ പിന്തുണയും നല്‍കി. സ്വകാര്യ ആശുപത്രികളാണ് പ്രധാനമായും ഇത്തരം ശസ്ത്രക്രിയകള്‍ നടത്താറുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇത്തരം ശസ്ത്രക്രിയകള്‍ ഏറ്റെടുക്കാന്‍ മടികാട്ടുന്നു. സ്വകാര്യ ആശുപത്രികളില്‍, ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ ചെലവു വരുന്നതാണ് ഈ ശസ്ത്രക്രിയ. ഉപകരണങ്ങളുണ്ടെങ്കില്‍, തീര്‍ത്തും കുറഞ്ഞ ചെലവില്‍ ഇത്തരം ശസ്ത്രക്രിയകള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചെയ്യാനാവുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it