Alappuzha local

ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍നിര്‍മാണം ഇഴയുന്നതായി ആക്ഷേപം

ചേര്‍ത്തല: ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍നിര്‍മാണം ഇഴയുന്നതായി പരക്കെ ആക്ഷേപം. റോഡ് നിര്‍മാണം വേണ്ടത്ര വേഗത പോരെന്നാണ് പരാതി.  സ്ഥലം എംഎല്‍എയും മന്ത്രിയുമായ പി തിലോത്തമന്റെ ഇടപെടല്‍ മൂലം റോഡിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, റോഡിന്റെ വശങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് റവന്യു സര്‍വേ വിഭാഗവും ഇലക്ട്രിക്കല്‍, ടെലിഫോണ്‍ പോസ്റ്റുകള്‍ മാറ്റുന്നതിനും പാഴ്‌വൃക്ഷങ്ങള്‍ വെട്ടുന്നതിനുമാണ് റോഡ് പുനര്‍നിര്‍മാണത്തിന് ഇപ്പോള്‍  വിലങ്ങു തടിയാവുന്നത്.  ആറു വലിയ വൃക്ഷങ്ങളാണ്  റോഡ് വികസനത്തിന് മുറിച്ചു മാറ്റേണ്ടത്. ഫോറസ്റ്റ് വകുപ്പില്‍ നിന്നു വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ അംഗീകാരം ഉണ്ടെങ്കിലും പഞ്ചായത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡ് 6 കിലോമീറ്ററാണ് നീളം.  5.5 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ വീതിവരും.  12.8 കോടി രൂപ ചെലവഴിച്ച്  ദേശീയപാതാ നിലവാരത്തില്‍ റോഡ് പുനര്‍ നിര്‍മിക്കുന്നത്. കാളികുളം, വാരനാട്, പഞ്ചായത്ത് കവല, കുണ്ടുവളവ് വരെയാണ് ഇപ്പോള്‍  റോഡിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നത്. ഇടക്കിടെയുള്ള മഴയും  നിര്‍മാണത്തെ ബാധിച്ചുട്ടുണ്ട്. വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ്  കെഎസ്ഇബിയ്ക്  അഞ്ചു ലക്ഷം രൂപ അടയ്ക്കാന്‍ ഏഴു ദിവസം മുമ്പ്്്് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ തുക അടച്ചിട്ടില്ല. ചേര്‍ത്തല മുതല്‍ കാളികുളം വരെ മൂന്ന് കലുങ്കുകളുടെയും പുനര്‍നിര്‍മാണവും ആവശ്യമാണ്. ഇതുവരെ കലുങ്കുകള്‍ പൊളിച്ചിട്ടില്ല. ചേര്‍ത്തലയില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കും വൈക്കം ഇന്തോ-അമേരിക്ക ആശുപത്രിയിലേക്കും രോഗികളേയും കൊണ്ടുപോവാനുള്ള റോഡ് മാര്‍ഗമാണ് ഇപ്പോള്‍ തടസ്സപെട്ടിരിക്കുന്നത്. ജനുവരി 10ന് അര്‍ത്തുങ്കല്‍ പള്ളി പെരുന്നാളും ആരംഭിക്കുന്നതോടെ കോട്ടയം മേഖലയിലെ തീര്‍ത്ഥാടകരും വളരെ ബുദ്ധിമുട്ടിലാവും. റോഡ് നിര്‍മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് വികസന സമിതിക്ക് ദക്ഷിണമേഖല ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it