Alappuzha local

ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ വെള്ളക്കെട്ട് ; ഗതാഗതം താറുമാറായി



പൂച്ചാക്കല്‍: ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി.30 കിലോമീറ്റര്‍ നീളമുള്ള  റോഡിന്റെ ഇരുവശങ്ങളിലുമാണ് വെള്ളക്കെട്ട്. റോഡിന്റെ ഇരുവശങ്ങളിലും  താഴ്ച്ചയുള്ള ഭാഗങ്ങള്‍ തോടുപോലെയായി.വെള്ളക്കെട്ടില്‍ കുഴികള്‍ കാണാതെ ഇരുചക്രവാഹന യാത്രികര്‍ അടക്കം അപകടത്തില്‍പ്പെടുന്നുണ്ട്. വെള്ളക്കെട്ടുള്ളതിനാല്‍ വശങ്ങളിലൂടെ നടന്നുപോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. മഴ ശക്തമാകുന്നതോടെ റോഡ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും. വെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാകും. സമീപ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറി അവരെയും വലയ്ക്കുന്നുണ്ട്.എട്ടുവര്‍ഷം മുന്‍പ് ദേശീയപാത നിലവാരത്തില്‍ 13 കോടി രൂപ ചെലവിലാണ് ചേര്‍ത്തല - അരൂക്കുറ്റി റോഡ് പുനര്‍നിര്‍മിച്ചത്. പിന്നീട് പലതവവണ അറ്റകുറ്റപണികള്‍ നടത്തി. വീണ്ടുമൊരു പുനര്‍നിര്‍മാണത്തിന്റെ സമയവും ആകുന്നു.  വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡരികില്‍ ഓടയും കാല്‍നടയാത്രികര്‍ക്കായി നടപ്പാതയും വേണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. കണ്ടെയ്‌നര്‍ ലോറികള്‍ അടക്കം ദിവസവും നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ റോഡിന് വീതികൂട്ടേണ്ടത് അത്യാവശ്യമാണെന്നും റോഡിലെ വളവുകള്‍ നിവര്‍ത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it