ചേരി ഒഴിപ്പിക്കുന്നതിനിടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ ചേരിപ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനിടെ ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചു. ശനിയാഴ്ചയാണ് സംഭവം. ബുള്‍ഡോസര്‍ ഉപയോഗിച്ച് കുടിലുകള്‍ പൊളിച്ചുനീക്കുന്നതിനിടെ വീട്ടുപകരണങ്ങള്‍ മീതെ വീണാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പോലിസ് സംരക്ഷണത്തില്‍ റെയില്‍വേ അധികൃതര്‍ 1200ഓളം കുടിലുകളാണ് ഒഴിപ്പിച്ചത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ തണുപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ഈ സമയത്ത് കുടിലുകള്‍ പൊളിച്ചുനീക്കിയ നടപടി ദൈവം പൊറുക്കില്ലെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ഭക്ഷണവും അഭയകേന്ദ്രവും ഒരുക്കാന്‍ സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് (എസ്ഡിഎം) നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ അവര്‍ അതില്‍ വീഴ്ച വരുത്തിയതിനാല്‍ ജോലിയില്‍ നിന്നു നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉന്നതോദ്യോഗസ്ഥനടക്കം രണ്ട് എസ്ഡിഎമ്മുമാരെയാണ് പുറത്താക്കിയത്.
സംഭവത്തില്‍ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കുടിലുകള്‍ പൊളിച്ചുനീക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പുതന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും റെയില്‍വേക്ക് മരണത്തില്‍ ഉത്തരവാദിത്തം ഇല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. തുണിക്കെട്ട് കുഞ്ഞിന്റെ മുകളില്‍ വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് സൗത്ത് വെസ്റ്റ് ജോയിന്റ് പോലിസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.
ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചേരിനിവാസികള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നെന്നാണ് റെയില്‍വേ അധികൃതരുടെ വാദം. മൂന്നു തവണ നോട്ടീസ് നല്‍കിയ ശേഷമാണ് ചേരി ഒഴിപ്പിച്ചതെന്ന് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ അരുണ്‍ അറോറ പറഞ്ഞു. പ്രദേശത്ത് റെയില്‍വേയുടെ അധിക പ്ലാറ്റ്‌ഫോം നിര്‍മാണത്തിനും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ചേരി ഒഴിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഒഴിപ്പിച്ചതെന്നാണ് ചേരിനിവാസികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it