wayanad local

ചേകാടി ഗവ. എല്‍പി റസിഡന്‍സ് സ്‌കൂളാക്കി ഉയര്‍ത്തണമെന്ന് ആവശ്യം



പുല്‍പ്പള്ളി: വനഗ്രാമമായ ചേകാടി ഗവ. എല്‍പി സ്‌കൂള്‍ റസിഡന്റ്‌സ് സ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യം. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് കുടിയേറ്റ മേഖലയിലെ പൂര്‍വികരുടെ കഠിനാധ്വാനത്തിന്റെ ഫലമായി 1924ല്‍ തുടക്കം കുറിച്ച ചേകാടി ഗവ. എല്‍പി സ്‌കൂള്‍ ഇന്നും എല്‍പിയായി തുടരുകയാണ്. മൂന്ന് വശവും വനവും ഒരു ഭാഗം കബനി നദിയാലും ചുറ്റപ്പെട്ടുകിടക്കുന്ന സ്‌കൂള്‍ ചേകാടിയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. സ്‌കൂളിനെ യുപി ആയി അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങളും പരാതികളുമായി കയറിയിറങ്ങാത്ത ഓഫിസുകള്‍ ഇല്ലെന്നു നാട്ടുകാര്‍ പറയുന്നു. ഓരോ തിരഞ്ഞെടുപ്പ് കാലത്തും സ്‌കൂളിന് പ്രത്യേക പരിഗണന നല്‍കി യുപി സ്‌കൂളായി ഉയര്‍ത്തുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും നടന്നില്ല. 1.14 ഏക്കര്‍ സ്ഥലത്ത് ആവശ്യമായ കെട്ടിടങ്ങളും ക്ലാസ് മുറികളും ഉണ്ടെങ്കിലും സ്‌കൂളിനെ അവഗണിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. നാലാംതരം പഠനം പൂര്‍ത്തിയായാല്‍ 15 കിലോമീറ്ററോളം യാത്ര ചെയ്ത് പുല്‍പ്പള്ളിയിലോ മുള്ളന്‍കൊല്ലിയിലോ പോവേണ്ട അവസ്ഥയാണ്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുമ്പോള്‍ ചേകാടി പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് നാലാംതരത്തിന് ശേഷം തുടര്‍പഠനം സ്‌കൂളില്‍ തന്നെ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഈ അധ്യയന വര്‍ഷമെങ്കിലും ചേകാടി സ്‌കൂളിനെ റസിഡന്‍സ് സ്‌കൂളായി ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ജില്ലയിലെ ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നു പിടിഎ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it