Flash News

ചെസ്സില്‍ ഇന്ത്യയുടെ പുതിയ താരോദയം; അന്താരാഷ്ട്ര വേദികളില്‍ മികവുകാട്ടി ഒമ്പതാംക്ലാസുകാരന്‍

പി വി മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട്: ഇരുപതിലധികം രാജ്യങ്ങളിലെ ചെസ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ വെന്നിക്കൊടി പാറിച്ച് ഒമ്പതാം ക്ലാസുകാരനായ നിഹാല്‍ സരിന്‍ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയനാവുന്നു. ലോകത്തിലെ പ്രായം കുറഞ്ഞ പന്ത്രണ്ടാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഗ്രാന്റ് മാസ്റ്ററാണ് നിഹാല്‍.
കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം നടത്തിയ മല്‍സരത്തില്‍ വിശിഷ്ടാതിഥിയായി നിഹാല്‍ എത്തിയിരുന്നു. 2016ല്‍ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ താരം അടുത്ത മാസം യുകെയില്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം ഗ്രാന്റ് മാസ്റ്റര്‍ മല്‍സരത്തില്‍ പങ്കെടുക്കും.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. സരിന്റെയും സൈക്യാട്രിസ്റ്റായ ഷിജിലിയുടെയും മകനായ നിഹാലിനെ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കൊണ്ടുപോവുന്നതും ഇവര്‍ തന്നെയാണ്. മകന്‍ സ്വയം തിരഞ്ഞെടുത്തതാണ് ചെസ്സിന്റെ വഴിയെന്നും അതിലൂടെ രാജ്യത്തിന്റെ അഭിമാനമായി അവന്‍ വളരട്ടേയെന്നുമാണ് ഇവരുടെ ആഗ്രഹം. നിഹാലിന്റെ വല്യുപ്പയാണ് ചെസ്സിലെ ആദ്യ ഗുരു. ഒന്നാം ക്ലാസ് മുതല്‍ ചെസ്സില്‍ പരിശീലനം തുടങ്ങി. മാത്യു പി ജോസഫിന്റെ പരിശീലനമാണ് പിന്നീട് ലഭിച്ചത്. മുംബൈയിലെ ടാറ്റ ട്രസ്റ്റ് കമ്പനിയാണ് നിഹാലിന്റെ സ്‌പോണ്‍സര്‍ഷിപ്പ്.‘മണ്ണാര്‍ക്കാട്ടുകാരനായ നിഹാലിന്റെ സഹോദരി നാലാം ക്ലാസുകാരി നേഹ പാട്ടിലും ഡാന്‍സിലും കഴിവ് തെളിയിക്കുന്നു. കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന മല്‍സരത്തില്‍ 700 കുട്ടികള്‍ പങ്കെടുത്തു. മക്കളെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമാക്കാന്‍ മല്‍സരിക്കുന്ന ഈ കാലത്ത് ഇതില്‍ നിന്നു വ്യത്യസ്തമായി ഡോക്ടറായ പിതാവ് നിഹാലിനെ ചെസ്സില്‍ മുന്നോട്ടു നയിക്കുന്നത് മറ്റുള്ളവര്‍ മാതൃകയാക്കണമെന്നു മല്‍സരം ഉദ്ഘാടനം ചെയ്ത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പഠനം മാത്രം കണ്ടാവരുത് കുട്ടികളെ വളര്‍ത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it