Sports

ചെല്‍സിക്ക് റോമ അറ്റാക്ക് ; ബാഴ്‌സലോണയ്ക്ക് സമനില



സ്ട്രീറ്റ്‌ഫോര്‍ഡ്: ക്ലബ് ഫുട്‌ബോളിന്റെ ആവേശക്കാഴ്ചകള്‍ക്ക് കാത്തിരുന്ന ആരാധകരെ ത്രസിപ്പിച്ച് ചാംപ്യന്‍സ് ലീഗിലെ പോരാട്ടങ്ങള്‍ മുറുകുന്നു. നോക്കൗട്ടിലെ പ്രതീക്ഷ തെറ്റിക്കാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയക്കൊടി പാറിച്ചപ്പോള്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിക്ക് റോമയ്ക്ക് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു. സ്പാനിഷ് ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ബാഴ്‌സലോണയെ ഒളിംപിയാക്കോസ് പിരൗസ് സമനിലയില്‍ പൂട്ടിക്കെട്ടിയപ്പോള്‍ പതിവ് തെറ്റിക്കാതെ പിഎസ്ജി വിജയകാഹളം മുഴക്കി.
ഗോളടിക്കാന്‍ മറന്ന ബാഴ്‌സ
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ അജയ്യരായി തുടരുന്ന  ബാഴ്‌സലോണയെ കളിച്ച മുന്ന് കളികളിലും തോല്‍വിയറിഞ്ഞ ഗ്രീസ് ഫുട്‌ബോള്‍ ക്ലബായ ഒളിംപിയാക്കോസ് പിരൗസ് സമനിലയില്‍ കുരുക്കി. പന്തടക്കത്തിലും തുടരെയുള്ള ഷോട്ടുകളിലൂടെയും മികച്ചു നിന്ന സ്പാനിഷ്  വമ്പരെ ബെല്‍ജിയം ഗോള്‍കീപ്പര്‍ സില്‍വിയോ പ്രോട്ടോയുടെ കിടിലന്‍ സേവുകളാണ് ഗോള്‍ നേടുന്നതില്‍ നിന്ന് തടുത്തുനിര്‍ത്തിയത്.  66 ശതമാനം സമയത്തും ബാഴ്‌സ പന്തടക്കത്തില്‍ മുന്നിട്ടു നിന്നെങ്കിലും മെസ്സിയും ലൂയിസ് സുവാരസും ഡെനിസ് സുവാരസും തൊടുത്ത പല ഷോട്ടുകളും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയി. 4-3-3 ശൈലിയില്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബാഴ്‌സയുടെ ഏഴ് ലോങ്് പാസ് ശ്രമങ്ങളും ഓഫ് സൈഡില്‍ കലാശിച്ചതും ടീമിന് തിരിച്ചടിയായി. ഈ മല്‍സരത്തോടെ നാല് കളികളില്‍ നിന്ന് മൂന്ന് ജയവുമായി 10 പോയിന്റോടെ ബാഴ്‌സലോണ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേ സമയം നാല് കളികളില്‍ നിന്ന് ഇന്നലെ നേടിയ ആശ്വാസ സമനിലയുമായി ഒളിംപിയാക്കോസ് ഒരു പോയിന്റുമായി നാലാമതാണ്. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ 2012ന്‌ശേഷം ബാഴ്‌സലോണയ്ക്ക് ഗോള്‍ നേടാന്‍ കഴിയാതെ സമനില വഴങ്ങുന്ന€ത്.  ഒളിംപിയാക്കോസ് പിരൗസിനെതിരെയായാണ്. തുടര്‍ച്ചയായ 48 ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സലോണ ഗോള്‍ നേടാനാവാതെ ഒരു മല്‍സരം പൂര്‍ത്തിയാക്കുന്നത്.
ചെല്‍സിയ്ക്ക് അടിതെറ്റി
മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍സ് ലീഗ് സീസണില്‍ തോല്‍വിയറിയാത്ത ചെല്‍സിയെ 3-0 ന് തകര്‍ത്ത് ഗ്രൂപ്പ് സി യില്‍ എഎസ് റോമ തലപ്പത്തെത്തി.  സ്റ്റീഫന്‍ ഷാറവിയുടെ ഇരട്ടഗോളാണ് ചെല്‍സിയെ അട്ടിമറിക്കുന്നതില്‍ നിര്‍ണ്ണായകമായത്. പ്രീമിയര്‍ ലീഗിന്റെ ഈസീസണില്‍ മികവിനൊത്ത നിലവാരത്തിലേക്കുയരാന്‍ കഴിയാത്ത ചെല്‍സിയ്‌ക്കെതിരേ ആദ്യ മിനിറ്റില്‍ തന്നെ റോമ ലക്ഷ്യം കണ്ടു. എഡിന്‍ ജെക്കോയുടെ മനോഹരമായ ഹെഡ്ഡര്‍ പാസ്സ് പിടിച്ചെടുത്ത് സ്റ്റീഫന്‍ ഷാറവി തൊടുത്ത ഷോട്ട് ചെല്‍സിയുടെ വലതുളച്ചു. 36ാം മിനിറ്റില്‍ രാജാ നൈന്‍ഗോളന്‍ നീട്ടിയ പാസ് വീണ്ടും ചെല്‍സിയുടെ വലയിലാക്കി ഷാറവി മല്‍സരത്തില്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. 63ാം മിനിറ്റില്‍ ഡീഗോ പെറോറ്റി മല്‍സരം പൂര്‍ണ്ണമായും റോമയുടെ വരുതിയിലാക്കി. വലത് വിങില്‍നിന്ന് ലഭിച്ച പാസിനെ ചെല്‍സിയുടെ മൂന്ന് പ്രതിരോധ താരങ്ങളേയും വെട്ടിച്ച് പെറോറ്റി തൊടുത്ത മിന്നല്‍ ഷോട്ട് ലക്ഷ്യം പിഴക്കാതെ  വലയിലെത്തുകയായിരുന്നു. ഗ്രൂപ്പില്‍ നാല് കളികളുമായി എട്ട് പോയിന്റോടെ റോമ ഒന്നാമതും  തുല്യ കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി ചെല്‍സി രണ്ടാം സ്ഥാനത്തുമാണുള്ളത്.
Next Story

RELATED STORIES

Share it