ചെല്ലാനത്ത് കടല്‍ക്ഷോഭം; വീടുകളില്‍ വെള്ളം കയറി

പള്ളുരുത്തി: ചെല്ലാനത്ത് വീണ്ടും കടല്‍ക്ഷോഭം. ഇന്നലെ രാവിലെ 11ഓടെ ശക്തിയായ കാറ്റുണ്ടാവുകയും ഉച്ചയോടെ തീരദേശത്തുള്ള വീടുകളിലേക്ക് കടല്‍ ഇരച്ചു കയറുകയുമായിരുന്നു. കടലാക്രമണം തടയാന്‍ അധികൃതര്‍ യന്ത്രസഹായത്തോടെ നിര്‍മിച്ച മണല്‍വാട കടല്‍ കയറി നശിച്ചു.
പല വീടുകളുടെയും ഓടുകളും ഷീറ്റുകളും കാറ്റില്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. മല്‍സ്യത്തൊഴിലാളികള്‍ മീന്‍പ്പിടിത്ത വള്ളങ്ങള്‍ കടലില്‍ ഇറക്കിയില്ല. ചെല്ലാനം കമ്പനിപ്പടി, ആലുങ്കല്‍ കടപ്പുറം, ചെല്ലാനം ബസാര്‍, മറുവക്കാട് എന്നീ പ്രദേശങ്ങളിലാണ് ശക്തമായ കടല്‍കയറ്റം ഉണ്ടായത്. വേലിയേറ്റ സമയത്ത് കടല്‍വെള്ളം വീട്ടുപറമ്പുകളിലൂടെ സമീപത്തെ ഉപ്പത്തക്കാട് തോട്ടിലേക്ക് ഒഴുകി. തോടിനു സമീപത്തെ വീടുകള്‍ വെള്ളത്തിലായി. പലരും വീട് വിട്ട് ബന്ധു ഗൃഹങ്ങളിലേക്ക് മാറി.
മണ്ണ് നിറച്ചു കടലാക്രമണത്തെ താല്‍ക്കാലികമായി തടയാനായി ഇറിഗേഷന്‍ വകുപ്പ് ഒന്നര മീറ്റര്‍ നീളമുള്ള ജിയോ ബാഗുകളാണ് തീരപ്രദേശങ്ങളില്‍ നല്‍കിവരുന്നത്. ഇന്നലെ ബസാര്‍ ഭാഗത്ത് 200ഓളം  ബാഗുകള്‍ എത്തിച്ചു.
കടല്‍വെള്ളം ശക്തിയായി ഒഴുകിപ്പോവുന്ന ഉപ്പത്തക്കാട് തോട് തെക്കേ ചെല്ലാനം മുതല്‍ ബസാര്‍ വരെയെങ്കിലും ആഴം കൂട്ടണമെന്നും മണല്‍വാട കെട്ടുന്നതിന് 1000 ജിയോ ബാഗ് അടിയന്തരമായി അനുവദിക്കണമെന്നും പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it